X

റോഡും പുഴയുമില്ല, ബീഹാറില്‍ വയലിന് നടുവില്‍ വെറുതെയൊരു പാലം; വൻ അഴിമതിയെന്ന് നാട്ടുകാർ- വിഡിയോ

ബിഹാറില്‍ പാലങ്ങള്‍ പൊളിഞ്ഞുവീഴുന്നത് സംബന്ധിച്ച വാര്‍ത്തകളായിരുന്നു കുറച്ചു ദിവസങ്ങളായി വന്നിരുന്നത്. പതിനഞ്ചില്‍ കൂടുതല്‍ പാലങ്ങളാണ് കനത്തമഴയില്‍ തകര്‍ന്നുവീണത്. എന്നാല്‍, ഇപ്പോള്‍ ബിഹാറിലെ വിചിത്രമായ ഒരു പാലത്തിന്റെ വിഡിയോ വാര്‍ത്തകളില്‍ നിറയുകയാണ്.

വയലിന് നടുവില്‍ റോഡൊന്നുമില്ലാതെ പാലം മാത്രം പണിതതിന്റെ ചിത്രം എല്ലാവരെയും അമ്പരപ്പിച്ചിട്ടുണ്ട്. അരാരിയ ജില്ലയിലെ പരമാനന്ദപുര്‍ ഗ്രാമത്തിലെ വയലിന് നടുവിലാണ് പാലം പണിതിരിക്കുന്നത്.

പാലത്തിനെതിരെ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുണ്ട്. ഇതിന് പിന്നില്‍ വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് ഗ്രാമീണര്‍ ആരോപിക്കുന്നു. സ്വകാര്യ ഭൂമിയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, ഈ പാലവുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ രണ്ട് ഭാഗത്തും കാണാന്‍ സാധിക്കില്ല. ഇവിടെ പാലം അനാവശ്യമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ അരാരിയ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇവിടെ 2.5 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍, സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ പാലം മാത്രം നിര്‍മിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വയലില്‍ റോഡ് നിര്‍മിക്കുമ്പോള്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യത്തോടെയാണ് പാലം നിര്‍മിച്ചത്.

webdesk13: