X
    Categories: indiaNews

പ്രശാന്ത് ഭൂഷണെതിരായ 11 വർഷം പഴക്കമുള്ള കേസ് പുതിയ ബെഞ്ചിന്; സെപ്തബർ 10-ന് വാദംകേൾക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ബി.ജെ.പി നേതാവിന്റെ മകന്റെ ബൈക്കിലിരിക്കുന്ന ചിത്രത്തിനെതിരെ പ്രതികരിച്ചതിന് നിയമനടപടി നേരിടുന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെ പതിനൊന്ന്് വർഷം പഴക്കമുള്ള കേസിലും വാദം കേൾക്കാനൊരുങ്ങി സുപ്രീം കോടതി. 2009-ൽ തെഹൽക്ക മാഗസിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശത്തിന്റെ പേരിലുള്ള കോടതിയലക്ഷ്യ കേസാണ് പരമോന്നത കോടതി ഇപ്പോൾ പൊടിതട്ടിയെടുത്തിരിക്കുന്നത്. കേസ് പുതിയൊരു ബെഞ്ചിന് വിടുന്നതായും സെപ്തംബർ 10 -ന് വാദം കേൾക്കുമെന്നും നിലവിൽ വാദംകേൾക്കുന്ന ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സുപ്രീംകോടതി അഭിമുഖത്തിൽ നിന്ന് മുക്തമല്ലെന്നും കഴിഞ്ഞ 16 ചീഫ് ജസ്റ്റിസുമാരിൽ പകുതിപേരും അഴിമതിക്കാരാണെന്നുമാണ് തെഹൽക്ക മാഗസിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞത്. അഡ്വ. ഹരീഷ് സാൽവെയാണ് ഭൂഷണെതിരെ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്തത്. തന്റെ പരാമർശം സംബന്ധിച്ച് വിശദീകരണം നൽകാൻ തയ്യാറാണെന്നും മാപ്പുപറയില്ലെന്നും ഭൂഷൺ വ്യക്തമാക്കി.

‘2009-ൽ തെഹൽക്കയുമായുള്ള എന്റെ അഭിമുഖത്തിൽ അഴിമതി എന്ന വാക്ക് ഉപയോഗിച്ചത് വിശാലാർത്ഥത്തിലാണ്. സാമ്പത്തിക അഴിമതിയോ സാമ്പത്തിക നേട്ടമോ മാത്രമല്ല ഞാനുദ്ദേശിച്ചത്. അക്കാര്യത്തിൽ അവരിൽ ആർക്കെങ്കിലുമോ അവരുടെ കുടുംബങ്ങൾക്കോ വേദന ഉണ്ടായിട്ടുണ്ടെങ്കിൽ എനിക്ക് ഖേദമുണ്ട്. ഞാൻ ജുഡീഷ്യറി എന്ന സ്ഥാപനത്തെയും, പ്രത്യേകിച്ചും ഞാൻ കൂടി ഭാഗമായ സുപ്രീംകോടതിയെയും പിന്തുണക്കുകയാണ് ചെയ്യുന്നത്. ജുഡീഷ്യറിയുടെ ബഹുമാന്യത കുറച്ചുകാണിക്കാൻ എനിക്കുദ്ദേശ്യമില്ല. എന്റെ അഭിമുഖം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതിൽ എനിക്ക് വിഷമമുണ്ട്.’ പ്രശാന്ത് ഭൂഷൺ പത്രക്കുറിപ്പിൽ പറഞ്ഞു.

പ്രശാന്ത് ഭൂഷണെതിരായ കേസ് ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചു. ഈ കേസിന് ഭരണഘടനാപരമായ പ്രാധാന്യമുള്ളതിനാൽ അറ്റോണി ജനറലിന്റെ കൂടി അഭിപ്രായം ആരായണമെന്നും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ചുള്ള വിശാലമായ ചർച്ച നടക്കണമെന്നും ധവാൻ അഭിപ്രായപ്പെട്ടു.

സെപ്തംബർ മൂന്നിന് താൻ വിരമിക്കുന്നതിനാൽ കേസ് ഉചിതമായ പുതിയ ബെഞ്ചിന് വിടുകയാണെന്നായിരുന്നു ജസ്റ്റിസ് മിശ്ര വ്യക്തമാക്കിയത്. അറ്റോണി ജനറലിന് നോട്ടീസ് അയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണ്ടത് പുതിയ ബെഞ്ചാണെന്നും കോടതി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: