മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 11 വയസ്സുള്ള ആണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതി. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഇരയെ വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കുകയും ജയ് ശ്രീറാം വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു.
കേസില്‍ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ലസുദിയ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഇന്‍ഡോറിലെ നിപാനിയ മേഖലയിലാണ് സംഭവം. സ്റ്റാര്‍ സ്‌ക്വയറിനു സമീപം കളിക്കുകയായിരുന്ന താന്‍ ബൈപ്പാസിലെ ബെസ്റ്റ് പ്രൈസിന് സമീപം കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് പ്രതികള്‍ അടുത്തുവന്ന് പറഞ്ഞതായി ആക്രമിക്കപ്പെട്ട കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
കളിപ്പാട്ടങ്ങള്‍ വാങ്ങാനെന്ന വ്യാജേന പ്രതികള്‍ കുട്ടിയെ മഹാലക്ഷ്മി നഗറിന് സമീപം കൊണ്ടുപോയി ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു. അവര്‍ തന്നെ മര്‍ദിക്കുകയും വസ്ത്രം അഴിച്ചുമാറ്റുകയും ചെയ്തതായി കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടി ആക്രമികളില്‍ നിന്നും രക്ഷപ്പെട്ട് വീട്ടുകാരെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.