മധ്യപ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തിന് സമീപമുള്ള വനപ്രദേശത്ത് പതിനൊന്നു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയായ നിലയില്‍ കണ്ടെത്തി. സത്‌ന ജില്ലയിലെ മൈഹാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. രക്തത്തില്‍ കുളിച്ച നിലയില്‍, ശരീരമാസകലം കടിയേറ്റ പാടുകളോടെ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നു പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്‌തെന്നും പ്രതികളിലൊരാള്‍ ക്ഷേത്ര ഭരണസമിതി നടത്തുന്ന ഗോശാലയിലെ ജോലിക്കാരനാണെന്നും പൊലീസ് വ്യക്തമാക്കി.
”പെണ്‍കുട്ടിയെ കണ്ടെത്തിയതായി വെള്ളിയാഴ്ച രാവിലെയാണ് ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. ഞങ്ങളുടെ അന്വേഷണത്തില്‍ അവള്‍ ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു, അവരെ ചോദ്യം ചെയ്യുകയാണ്. ഇവരുടെ വൈദ്യപരിശോധന നടത്തി. അതിജീവിതയെ വിദഗ്ധ ചികിത്സയ്ക്കായി രേവ മെഡിക്കല്‍ കോളജിലേക്കു മാറ്റും.” മൈഹാര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ലോകേഷ് ദബര്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ എത്തുന്ന മൈഹാറിലെ ക്ഷേത്രത്തിന് സമീപമുള്ള കാട്ടിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണു പെണ്‍കുട്ടിയെ കാണാതായത്. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയും തിരച്ചില്‍ നടത്തുകയുമായിരുന്നെന്ന് പെലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് കാട്.
വീടുകാര്‍ തന്നെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്നു മൈഹാറിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ചു വാര്‍ത്ത പരന്നതോടെ രോഷാകുലരായ ഗ്രാമവാസികള്‍ ആശുപത്രിയിലേക്ക് ഇരച്ചെത്തി. പൊലീസ് ഏറെ ബുദ്ധിമുട്ടിയാണ് ഇവരെ നിയന്ത്രിച്ചത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പെണ്‍കുട്ടിക്കു സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് കുറ്റപ്പെടുത്തി.