അവസാന മണിക്കൂറുകളിലും ഒപ്പിടാന്‍ തയാറാകാതെ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള ഓര്‍ഡിനന്‍സുകളാണ് പുതുക്കി നല്‍കാതെ രാജ്ഭവന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ആറു നിയമങ്ങള്‍ ഭേദഗതിക്ക് മുന്‍പുള്ള അവസ്ഥയിലേക്ക് പുന:സ്ഥാപിക്കപ്പെടും. ഇതിലേറ്റവും പ്രധാനപ്പെട്ടതും വിവാദമായതുമാണ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഓര്‍ഡിനന്‍സുകളുടെ കാലാവധി അവസാനിച്ചത്.
വളരെക്കാലമായി സര്‍ക്കാരിനോട് ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍, ശക്തമായ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ‘ഓര്‍ഡിനന്‍സ് ഭരണം നല്ലതിനല്ല’ എന്നു പറഞ്ഞുകൊണ്ടാണ് ഒപ്പുവെക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത്. അതേസമയം നിയമ നിര്‍മ്മാണത്തിനായി ഒക്‌ടോബറില്‍ നിയമസഭാ സമ്മേളനം ചേരുമെന്നും ഓര്‍ഡിനസുകളില്‍ ഒപ്പിടണമെന്നും സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ ഗവര്‍ണര്‍ ഇനിയും തയാറായിട്ടില്ല.
ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഓര്‍ഡിനന്‍സ് അസാധുവാകുന്നതോടെ ലോകായുക്തക്ക് പഴയ അധികാരം തിരികെ ലഭിക്കും. ഓര്‍ഡിനന്‍സ് റദ്ദായാല്‍ ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കുകയോ പുതിയ ഓര്‍ഡിനന്‍സായി മന്ത്രിസഭ അംഗീകരിച്ച് വീണ്ടും ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കുകയോ ചെയ്യാം എന്ന പഴുതാണ് ഇനി സര്‍ക്കാരിന് മുന്നിലുള്ളത്. നിയമസഭ സമ്മേളിച്ചിട്ടും ഓര്‍ഡിനന്‍സുകള്‍ ബില്ലാക്കാതെ വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെതിരെയാണ് ഗവര്‍ണര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിന് വലിയ തിരിച്ചടിയും അസാധാരണ ഭരണപ്രതിസന്ധിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്.