ചെന്നൈ: അണ്ണാ ഡി.എം.കെയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി ടി.ടി.വി ദിനകരന് പിന്തുണയുമായി പതിനൊന്ന് എംഎല്‍എമാര്‍ കൂടി രംഗത്തെത്തി. ഇതോടെ ദിനകരന് പിന്തുണ നല്‍കുന്നവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. വീണ്ടും പ്രതിസന്ധി ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എംഎല്‍എമാരുമായി അടിയന്തിര ചര്‍ച്ച നടത്തി.
നോര്‍ത്ത് മധുര എംഎല്‍എ രാജന്‍ ചെല്ലപ്പ, പരമകുടി എംഎല്‍എ മുത്തയ്യ എന്നിവരടക്കം പതിനൊന്ന് പേരാണ് ദിനകരന് പിന്തുണ പ്രഖ്യാപിച്ചെത്തിയത്. പിന്തുണ നല്‍കുന്ന എംഎല്‍എമാരുടെ എണ്ണം 21 ആയി ഉയര്‍ന്നതോടെ അണ്ണാ ഡിഎംകെയിലെ സ്വാധീനശക്തിയായി ദിനകരന്‍ മാറി. 101 എംഎല്‍എമാര്‍ മാത്രമാണ് നിലവില്‍ പളനിസ്വാമിക്കൊപ്പമുള്ളത്. കേവല ഭൂരിപക്ഷത്തിന് 116 പേരുടെ പിന്തുണ വേണമെന്നിരിക്കെയാണ് ദിനകരന്റെ സ്വാധീനം നിര്‍ണായകമാവുന്നത്.
ഡിഎംകെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ആറുമാസം തികയാത്തതിനാല്‍ തല്‍ക്കാലം സര്‍ക്കാര്‍ സുരക്ഷിതമാണെങ്കിലും എംഎല്‍എമാര്‍ നിലപാട് മാറ്റുന്നത് പളനിസ്വാമി വിഭാഗത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എമാരെ നേരിട്ടുകണ്ട് കൂടെ നില്‍ക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചത്.