X

അഞ്ച് സംസ്ഥാനങ്ങളിലായി ബി.ജെ.പി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത് 128 മുസ്‌ലിംകളുടെ സ്വത്തുവകകള്‍

കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലായി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത് 128 കെട്ടിടങ്ങളാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. കൂടുതലും മുസ്‌ലിംകളുടെ സ്വത്തുവകകളാണ് സര്‍ക്കാര്‍ അധികാരികള്‍ തുടച്ചുനീക്കിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വര്‍ഗീയ കലാപങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

മുസ്‌ലിംകളുടെ  വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ ബുള്‍ഡോസര്‍ അനീതി നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന്റെ വിവേചനപരമായ ഈ നീക്കം 617 പേരെയെങ്കിലും നേരിട്ട് ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവേചനപരമായ നിയമങ്ങളിലും കീഴ്‌വഴക്കങ്ങളിലും പ്രതിഷേധിച്ചതിന് മുസ്ലിം സ്വത്തുക്കള്‍ ശിക്ഷാപരമായി തകര്‍ക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ യഥാര്‍ത്ഥ നയം ഒരു തുടര്‍ച്ചയായ പ്രതിഭാസമാണ് എന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ നിലവിലെ നീക്കങ്ങള്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനും അന്താരാഷ്ട്ര നിയമപ്രകാരം കൂട്ടായതും ഏകപക്ഷീയമായതുമായ ശിക്ഷയ്ക്കും തുല്യമാണെന്നും സംഘടന പറഞ്ഞു. ഇതിനെതിരെ ഉടന്‍ തന്നെ അന്വേഷണം നടത്തണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ സംസാരിച്ചാല്‍ നിങ്ങളുടെ വീട് തകര്‍ക്കപ്പെടും: ഇന്ത്യയിലെ ബുള്‍ഡോസര്‍ അനീതി, ഉത്തരവാദിത്വം കണ്ടെത്തല്‍: ഇന്ത്യയിലെ ബുള്‍ഡോസര്‍ അനീതിയില്‍ ജെ.സി.ബിയുടെ പങ്കും ഉത്തരവാദിത്തവും എന്നിങ്ങനെ തലക്കെട്ടുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലാണ് മനുഷ്യാവകാശ സംഘടനയുടെ വിമര്‍ശനം.

അനധികൃതമായി ആളുകളുടെ വീടുകള്‍ പൊളിച്ചു മാറ്റുന്ന നയം ഉടനെ അവസാനിപ്പിക്കണമെന്നും കുടിയൊഴിപ്പിക്കുന്നതിനെ തുടര്‍ന്ന് ആരും തന്നെ ഭവനരഹിതരാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

webdesk13: