സില്‍വാന്‍: അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ ഫലസ്തീന്‍ വീടുകള്‍ ഇടിച്ചുനിരത്തി ജൂത തീം പാര്‍ക്ക് നിര്‍മിക്കാന്‍ ഇസ്രാഈല്‍ നീക്കം. സില്‍വാനിലെ അല്‍ ബുസ്താനില്‍ നൂറിലേറെ കെട്ടിടങ്ങളില്‍ ജീവിക്കുന്ന 1500 ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് പാര്‍ക്ക് നിര്‍മാണവുമായി മുന്നോട്ടുപോകാനാണ് ഇസ്രാഈല്‍ പദ്ധതി. 21 ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈല്‍ സേന 13 കുടുംബങ്ങള്‍ക്ക് നൊട്ടീസ് നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച ജറൂസലം മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍മാരോടൊപ്പം എത്തിയാണ് സൈനികര്‍ നൊട്ടീസ് നല്‍കിയത്. പക്ഷെ, ഫലസ്തീനികള്‍ ആരും നൊട്ടീസ് നേരിട്ട് കൈപ്പറ്റിയിട്ടില്ല. കെട്ടിട നിര്‍മാണ പെര്‍മിറ്റ് എടുത്തിട്ടില്ലെന്ന പേരിലാണ് ഫലസ്തീന്‍ വീടുകള്‍ ഇസ്രാഈല്‍ ഭരണകൂടം തകര്‍ക്കുന്നത്. വീടുകള്‍ ഇടിച്ചുനിരത്താനായി ഏത് നിമിഷവും ഇസ്രാഈല്‍ സേന എത്തിയേക്കുമെന്നതുകൊണ്ട് ഭീതിയോടെയാണ് ഫലസ്തീന്‍ കുടുംബങ്ങള്‍ കഴിയുന്നതെന്ന് ജഹാലിന്‍ സോളിഡാരി കോ ഓര്‍ഡിനേറ്ററും സാമൂഹ്യ പ്രവര്‍ത്തകയുമായ അംഗലെ ഗോഡ്‌ഫ്രേ ഗോള്‍ഡ്‌സ്‌റ്റെയിന്‍ പറഞ്ഞു.
ഷെയ്ഖ് ജര്‍റയിലും അനേകം ഫലസ്തീന്‍ കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നുണ്ട്. തലമുറകളായി ജീവിച്ചുപോരുന്ന വീടുകള്‍ ഉപേക്ഷിച്ചുപോകില്ലെന്ന നിലപാടിലാണ് ഫലസ്തീനികള്‍. ജൂത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി ഫലസ്തീനികളെ ആട്ടിപ്പുറത്താക്കാനുള്ള നീക്കം മേഖലയെ പ്രക്ഷുബ്ധമാക്കിയിട്ടുണ്ട്. ഫലസ്തീനികളെ ഭവനരഹിതരാക്കരുതെന്ന് ഐക്യരാഷ്ട്രസഭയും നിരവധി വിദേശ രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇസ്രാഈല്‍ ചെവികൊണ്ടിട്ടില്ല.