കെ. മൊയ്തീന്‍കോയ
മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയായ ബൈത്തുല്‍ മുഅദ്ദിസ് സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ജറൂസലം ഇസ്രാഈല്‍ കൈയടക്കിയിട്ട് 54 വര്‍ഷം പിന്നിടുന്നു. അന്താരാഷ്ട്ര സമൂഹത്തെ നോക്കുകുത്തിയാക്കി കിഴക്കന്‍ ജറൂസമില്‍ ഇസ്രാഈല്‍ തുടരുന്ന പൈശാചികതക്ക് പക്ഷെ, ഒട്ടും അറുതിയില്ല. വിശുദ്ധ റമസാനിലെ പവിത്രമായ 27-ാം രാവിലും തുടര്‍ന്നും മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ നരനായാട്ട് തുടര്‍ന്നു. വെടിവെപ്പിലും മര്‍ദ്ദനത്തിലും നൂറുകണക്കിന് ആളുകള്‍ക്കാണ് പരിക്കേറ്റത്. അനേകം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ഇസ്രാഈല്‍ കടന്നുപോകുന്നതെങ്കിലും ഫലസ്തീനികളോടുള്ള സമീപനത്തില്‍ ഭാവമാറ്റമൊന്നുമില്ല. ഫലസ്തീനികളോട് എത്രത്തോളം ക്രൂരവും പൈശാചികവുമായി പെരുമാറാന്‍ കഴിയുമെന്ന് തെളിയിക്കാനുള്ള മത്സരത്തിലാണ് ഇസ്രാഈലിലെ ഭരണ-പ്രതിപക്ഷ വിഭാഗങ്ങള്‍. ബൈത്തുല്‍ മുഖദ്ദിസില്‍ ഇസ്രാഈല്‍ നടത്തുന്ന നരനായട്ടിനെതിരെ യൂറോപ്യന്‍ സമൂഹം ഉള്‍പ്പെടെ വിദേശ ശക്തികള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ മാത്രമാണ് ഇനി അപലപിക്കാന്‍ ബാക്കിയുള്ളത്.
ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ഒ.ഐ.സിയും അറബ് ലീഗും ഇസ്രാഈലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും സ്‌പെയിനും ഇറ്റലിയും അക്രമങ്ങളെ അപലപിക്കാന്‍ ആവേശം കാണിച്ചു. ഇറാനും തുര്‍ക്കിയും ഭാഷ കടുപ്പിച്ചു. ഇസ്രാഈല്‍ ഒരു രാഷ്ട്രമല്ലെന്നും ഭീകരരുടെ താവളമാണെന്നുമാണ് ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇ പ്രതികരിച്ചത്. അക്രമത്തെ അപലപിക്കാന്‍ മടിക്കുന്നവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വാക്കുകള്‍ ലോകസാഹചര്യം വസ്തുതാപരമായി വിലയിരുത്തുന്നുണ്ട്. അന്താരാഷ്ട്ര പ്രതിഷേധങ്ങളെ ഇസ്രാഈല്‍ പുച്ഛിച്ചു തള്ളുകയാണ് പതിവ്. 1948ല്‍ പിറവി എടുത്തതിന് ശേഷം ഇസ്രാഈല്‍ ഇത്തരം പ്രതിഷേധങ്ങള്‍ എത്രയോ കണ്ടതാണ്. യു.എന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ കൊണ്ട് ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ ചവറ്റുകൊട്ടകള്‍ നിറഞ്ഞിരിക്കുന്നു. ഇസ്രാഈല്‍ വിരുദ്ധ പ്രമേയങ്ങള്‍ക്ക് അത്രയൊക്കേ സംഭവിക്കൂ എന്ന് അത് പാസാക്കുന്നവര്‍ക്കും അറിയാം.
1947 നവംബര്‍ 29ന് യു.എന്‍ പൊതുസഭയില്‍ അമേരിക്കയും റഷ്യയും സംയുക്തമായി അവതരിപ്പിച്ച ഫലസ്തീന്‍ വിഭജന പദ്ധതിയാണ് അറബ് രാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്ന് അംഗീകരിക്കപ്പെട്ടത്. രണ്ട് വന്‍ ശക്തികളും ചേര്‍ന്ന് ഫലസ്തീനെ പിളര്‍ത്തി ഇസ്രാഈലിനെ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഫലസ്തീനെ മൂന്ന് ഭാഗമാക്കുന്നതാണ് വിഭജന പദ്ധതി. 4000 ച.മൈല്‍ അറബികള്‍ക്കും 5338 ച.മൈല്‍ ജൂതര്‍ക്കും ജറൂസലമും ചുറ്റുവട്ടവും ഉള്‍പ്പെടുന്ന 289 ച.മൈല്‍ ഐക്യരാഷ്ട്രസഭക്ക് കീഴിലുമാക്കി. അവശിഷ്ട ഫലസ്തീന്‍ ഭൂമിയില്‍ ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ ഗസ്സ മുനമ്പ് ഈജിപ്തിന്റെയും വെസ്റ്റ്്ബാങ്ക് ജോര്‍ദാന്റെയും സംരക്ഷണത്തിലാക്കി. വിഭജനത്തിനെതിരെ പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കെ രാഷ്ട്ര രൂപീകരണം വിസ്മരിക്കപ്പെട്ടു. 1967ലെ യുദ്ധത്തില്‍ ഫലസ്തീന് നീക്കിവെച്ച പ്രദേശവും യു.എന്നിനെ കീഴിലെ കിഴക്കന്‍ ജറൂസലമും അതിന് പുറമെ സിറിയയുടെ ജൂലാന്‍ കുന്നും ഈജിപ്തിന്റെ സീനാ ഉപദ്വീപും ഇസ്രാഈല്‍ പിടിച്ചടക്കി. അക്കാലത്ത് സോവിയറ്റ് ചേരിയിലായിരുന്ന ഈജിപ്തിന്റെ ജമാല്‍ അബ്ദുനാസറും സിറിയയിലെ ഹാഫീസല്‍ അസദും പരാജയം സമ്മതിച്ചു. പിന്നീട് ക്യാമ്പ് ഡേവിഡ് കരാറിലൂടെ സീന ഉപദ്വീപ് ഈജിപ്തിന് തിരിച്ചുകിട്ടി. ജൂലാന്‍ കുന്ന് കഴിഞ്ഞ വര്‍ഷം ഇസ്രാഈലിനോട് ചേര്‍ത്ത് അമേരിക്ക അംഗീകരിച്ചു. അമേരിക്കയും കൂട്ടാളി രാജ്യങ്ങളും അധിനിവേശ ജറൂസലമിലേക്ക് ഇസ്രാഈല്‍ എംബസികള്‍ മാറ്റി. വിഭജന പദ്ധതി പ്രകാരം ഐക്യരാഷ്ട്രസഭക്ക് കീഴിലായ ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീരിച്ച് അമേരിക്ക തന്നെ യു.എന്‍ പ്രമേയം ലംഘിച്ചു.
അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്താന്‍ അമേരിക്ക കൂട്ടുള്ളപ്പോള്‍ ഇസ്രാഈല്‍ ആരെ ഭയക്കണം? യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്ക ഏറ്റവും അധികം വീറ്റോ പ്രയോഗിച്ചത് ഇസ്രാഈലിനുവേണ്ടിയാണ്. അമേരിക്കയുടെ അമ്പത്തിയൊന്നാമത്തെ സംസ്ഥാനമായാണ് യു.എസ് ഭരണകൂടങ്ങള്‍ ഇസ്രാഈലിനെ ഇതുവരെയും കണ്ടുപോന്നിട്ടുള്ളത്. ആത്മാഭിമാനം പോലും ബലികഴിച്ചും കോടികള്‍ മുടക്കിയും അമേരിക്ക ഇസ്രാഈലിനുവേണ്ടി ഓടി നടന്നു. ഇസ്രാഈലിന്റെ ഏത് നെറികേടിനേയും യു.എസ് പച്ചയായി ന്യായീകരിക്കുകയാണ്. ഫലസ്തീന്റെ സഹോദര അറബ് രാജ്യങ്ങളായ യു.എ.ഇയും ബഹ്‌റൈനും ഇസ്രാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരിക്കുന്നു. ഈജിപ്തും ജോര്‍ദാനും നേരത്തെ അംഗീകരിച്ചിട്ടുണ്ട്. ഫലസ്തീന്‍ വിമോനച പോരാട്ടം തുടങ്ങിയിട്ട് ഏഴ് പതിറ്റാണ്ടുകള്‍ കടന്നുപോയി. ഇപ്പോള്‍ തുടരുന്ന പ്രതിഷേധങ്ങള്‍ വൈകാതെ കെട്ടടങ്ങും. ഫലസ്തീനികളുടെ രോദനം നേര്‍ത്ത് വരുന്നു. അവര്‍ക്കുമേല്‍ ഇസ്രാഈല്‍ ദുരിതങ്ങള്‍ വര്‍ഷിക്കുകയാണ്. എല്ലാം കണ്ടിട്ടും അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുന്നു. സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീനികളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ എത്ര നാള്‍ കാത്തിരിക്കണമെന്നത് മാത്രമാണ് അവശേഷിക്കുന്ന ഏക ചോദ്യം.