X

108 ലേക്ക് വന്നത് 9,19,424 കോളുകള്‍; അനാവശ്യ കോളുകള്‍ക്കും കുറവില്ല

തിരുവനന്തപുരം: ഒരു വര്‍ഷത്തിനിടയില്‍ 108ലേക്ക് ആകെ വന്നത് 9,19,424 കോളുകള്‍. ഇതില്‍ 5,40,571 കോളുകള്‍ റോങ് നമ്പര്‍, മിസ് കാള്‍, പ്രാങ്ക് കാളുകള്‍ ഉള്‍പ്പടെയുള്ള അനാവശ്യ കാളുകള്‍. ഗ്യാസ് ബുക്ക് ചെയ്യുന്നതിനും മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിനും 108ലേക്ക് വിളിച്ചതും നിരവധിപേര്‍. ഓരോ അത്യാഹിത കോളും ഓരോ ജീവന്റെ വിലയാണ്. എന്നാല്‍ ചിലര്‍ നേരംപോക്കിനായി ഈ സേവനം ദുരയുപയോഗം ചെയ്യുന്ന സാഹചര്യമാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ 108ന്റെ കണ്ട്രോള്‍ റൂമിലേക്ക് ആകെ വന്നത് 9,19,424 കാളുകള്‍ ആണ്. ഇതില്‍ 2,14,956 കാളുകള്‍ അത്യാഹിതതില്‍പ്പെട്ടവര്‍ക്കും അടിയന്തിര വൈദ്യസഹായം വേണ്ടവര്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാക്കാനായി വന്നപ്പോള്‍ 2,46,181 കോളുകള്‍ ഫോണ്‍ വിളിച്ച് മിണ്ടാതെ ഇരിക്കുന്നവരുടേത് ആയിരുന്നു. 108ലേക്ക് വന്ന മിസ് കോളുകളുടെ എണ്ണം 1,69,792 ആണ്. 108 എന്നത് അടിയന്തിര വൈദ്യ സഹായത്തിന് ഉപയോഗിക്കുന്ന സേവനം ആയതിനാല്‍ ഇത്തരം കാളുകള്‍ വരുമ്പോള്‍ തിരികെ വിളിച്ച് ആംബുലന്‍സ് സേവനം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാറുണ്ട്.

ഗ്യാസ് ബുക്ക് ചെയ്യാനും മൊബൈല്‍, ഡിഷ് ടി.വി റീചാര്‍ജ് ചെയ്യാനും ഉള്‍പ്പടെ വന്ന റോങ് നമ്പര്‍ കാളുകള്‍ 93,858 എണ്ണമാണ്. മാതാപിതാക്കളുടെ ഫോണുകളില്‍ നിന്ന് കുട്ടികള്‍ 108ലേക്ക് വിളിക്കുന്നതും പതിവ് സംഭവമാണ്. 28,622 കോളുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ 108ലേക്ക് വന്നത്. ഇത്തരം സംഭവങ്ങളില്‍ ഈ നമ്പറുകളില്‍ തിരികെ വിളിക്കുകയും രക്ഷിതാക്കളോട് സംഭവത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി കൊടുക്കുകയും ചെയ്യാറുണ്ട്. 431 കാളുകള്‍ വനിതാ ജീവനകാരുള്‍പ്പടെയുള്ള കണ്‍ട്രോള്‍ റൂം ജീവനക്കാരോട് മോശമായി പെരുമാറുന്നവരുടേത് ആയിരുന്നു. മന്ത്രിമാരുടെയും സെലിബ്രിറ്റികളുടെയും ഉള്‍പെടെ പേര് പറഞ്ഞു ഒരു വര്‍ഷത്തിനിടയില്‍ വന്നത് 1,687 പ്രാങ്ക് കോളുകളാണ്. ഒരു ദിവസത്തെ ശരാശരി കണക്ക് നോക്കിയാല്‍ 108ലേക്ക് വരുന്ന 3000 കോളുകളില്‍ 2000 കോളുകളും അനാവശ്യ കോളുകള്‍ ആണ്. ഇതിനിടയില്‍ പലപ്പോഴും ആവശ്യക്കാര്‍ക്ക് സേവനം ലഭ്യമാകാന്‍ വൈകുന്ന സാഹചര്യം ഉണ്ടാകും. അനാവശ്യ കോളുകള്‍ വിളിക്കുന്നവര്‍ക്ക് 108 എന്ന സേവനത്തിന്റെ ആവശ്യകതയും 108 സേവനം ദുരയുപയോഗം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകള്‍ എന്താണെന്നും പറഞ്ഞുകൊടുക്കാറുണ്ടെന്നും തുടര്‍ന്നും ഇത്തരം കോളുകള്‍ വന്നാല്‍ ആ നമ്പറുകള്‍ താല്‍കാലികമായി ബ്ലോ
ക്ക് ആക്കുകയും ഇതിനാല്‍ പിന്നീട് ഈ നമ്പറുകളില്‍ നിന്ന് താത്കാലിക ബ്ലോക്ക് മാറുന്നത് വരെ അടിയന്തിരഘട്ടങ്ങളില്‍ പോലും 108ലേക്ക് വിളിക്കാന്‍ കഴിയാതെ വരുമെന്നും കനിവ് 108 ആംബുലന്‍സ് സര്‍വീസ് നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ എമര്‍ജന്‍സി മാനേജ്‌മെന്റ് & റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന ഓപ്പറേഷന്‍സ് വിഭാഗം മേധാവി ശരവണന്‍ അരുണാചലം പറഞ്ഞു.

അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാന്‍ സംസ്ഥാനത്ത് എവിടെ നിന്നും 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനമായ കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കാന്‍ സാധിക്കും. വാഹനാപകടങ്ങള്‍ക്ക് പുറമെ അടിയന്തിര വൈദ്യ സഹായം ആവശ്യമായവര്‍ക്ക് കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാകുന്നതാണ്.

 

 

Test User: