പത്തനംതിട്ട: ആറന്‍മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്. യുവതിയെ ബലാത്സംഗം ചെയ്യാന്‍ ഡ്രൈവര്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയതായും ഇതിന്റെ ഭാഗമായാണ് യുവതിയെ കോഴഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നും എഫ്.ഐ.ആറിലുണ്ട്. ബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, ദലിത് പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ശനിയാഴ്ച രാത്രിയായിരുന്നു കേരളത്തെ നടുക്കിയ സംഭവം. ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവര്‍ അതിക്രമം നടത്തിയത്. മൂന്ന് യുവതികള്‍ ആംബുലന്‍സിലുണ്ടായിരുന്നു. രണ്ട് പേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലിറക്കി. മൂന്നാമത്തെയാളെ കോവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഡ്രൈവര്‍ നൗഫല്‍ പീഡിപ്പിച്ചത്.
ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ നേരത്തെ ഒരു വധശ്രമ കേസില്‍ പ്രതിയായിരുന്നു. സംഭവത്തില്‍ പൊലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഭാഗത്തു നിന്ന് വലിയ സുരക്ഷാ വീഴ്ച ഉണ്ടായതായി വിമര്‍ശനമുണ്ട്. കോവിഡ് രോഗികള്‍ക്കൊപ്പം ആംബുലന്‍സില്‍ സ്റ്റാഫ് നഴ്‌സ് ഉണ്ടാകണം എന്നാണ് ചട്ടം. ഇതിനൊപ്പം വധശ്രമക്കേസിലെ പ്രതി എങ്ങനെ 108 ആംബുലന്‍സ് ഡ്രൈവറായി എന്ന ചോദ്യവും ഉയരുന്നുണ്ട്.