X
    Categories: indiaNews

ശസ്ത്രക്രിയക്ക് പിന്നാലെ കോവിഡ്; വൈറസിനെ തോല്‍പ്പിച്ച് 107 കാരിയും 78 കാരി മകളും

മുബൈ: കോവിഡ് -19 വൈറസ് ബാധയില്‍ നിന്നും രോഗമുക്തി നേടിയ വൃദ്ധയും മകളും വാര്‍ത്താ ശ്രദ്ധനേടുന്നു. മഹാരാഷ്ട്രയിലെ 107 വയസുകാരിയും 78 വയസ്സുള്ള മകളുമാണ് കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചത്. പ്രായമായവരില്‍ ഉയര്‍ന്ന മരണനിരക്കുണ്ടെന്ന ആരോഗ്യ വിദഗ്ധരുടെ പഠനം നിലനില്‍ക്കെയാണ് നേരത്തെ ശസ്ത്രക്രിയക്ക് കൂടി വിധേയമായി 107 കാരി കോവിഡിനെ മറികടന്നത്.

മഹാരാഷ്ടയിലെ ജല്‍ന നഗരത്തിലെ കോവിഡ് -19 ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുവരെയും കൂടാതെ രോഗമുക്തി നേടിയ കുടുംബാംഗങ്ങളായ മറ്റ് മൂന്ന് പേര്‍കൂടി വ്യാഴാഴ്ച ഡിസ്ചാര്‍ജായി.

നൂറ് പിന്നിട്ട സ്ത്രീ കൊറോണ വൈറസ് ബാധയെതുടര്‍ന്ന് ഒരാഴ്ചയിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശതാബ്ദിയ്ക്ക് അടുത്തിടെയാണ് 107 കാരിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ അമ്മയുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നതായി ജില്ലാ സിവില്‍ സര്‍ജന്‍ അര്‍ച്ചന ഭോസാലെ പ്രതികരിച്ചു. അവരുടെ വാര്‍ദ്ധക്യം കോവിഡില്‍ നിന്നും സുഖം പ്രാപിക്കുന്നതില്‍ വലിയ വെല്ലുവിളിയായിരുന്നുവെന്നും ഭോസാലെ പറഞ്ഞു.

78 കാരിയായ മകളെ കൂടാതെ 65 വയസ്സുള്ള മകനും, 27, 17 വയസ് പ്രായമുള്ള രണ്ട് പേരക്കുട്ടികളുമാണ് അമ്മയോടൊപ്പം രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്. ജല്‍നയിലെ മാലി പുരയിലെ താമസക്കാരായ കുടുംബം ആഗസ്റ്റ് 11 നാണ് അഡ്മിറ്റായത്. സുഖം പ്രാപിച്ച ശേഷം കുടുംബാംഗങ്ങള്‍ക്ക് ആശുപത്രി ജീവനക്കാര്‍ ഊഷ്മളമായ വിടവാങ്ങലാണ് നല്‍കിയത്.

‘ഞങ്ങള്‍ക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. മെഡിക്കല്‍ സ്റ്റാഫ് കാണിച്ച അര്‍പ്പണബോധത്താലാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. ഇത് വലിയ അത്ഭുതമാണ്, 65 കാരനായ മകന്‍ പ്രതികരിച്ചു. വീട്ടിലേക്ക് അയക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ രവീന്ദ്ര ബിന്‍വാഡെ, ജില്ലാ പോലീസ് സൂപ്രണ്ട് എസ് ചൈതന്യ എന്നിവര്‍ ആശുപത്രി ജീവനക്കാരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു.

 

chandrika: