നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വളര്‍ത്തുമൃഗങ്ങള്‍ മറ്റുള്ളവരെ ആക്രമിച്ചാല്‍ ഉടമക്ക് പിഴ ചുമത്തുമെന്ന് അതോറിറ്റി. വളര്‍ത്തുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെയാണ് നോയിഡ അതോറിറ്റിയുടെ തീരുമാനം. നായയോ പൂച്ചയോ കാരണം അപകടമുണ്ടായാല്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമകളില്‍ നിന്ന് 10,000 രൂപ ഈടാക്കാനാണ് നിര്‍ദേശം. തെരുവുനായ്ക്കളെയും വളര്‍ത്തുനായ്ക്കളെയും വളര്‍ത്തു പൂച്ചകകളെയും സംബന്ധിച്ച് നോയിഡ അതോറിറ്റിയുടെ നയ രൂപീകരണ തീരുമാനങ്ങള്‍ എടുത്ത 207ാമത് ബോര്‍ഡ് യോഗത്തിന് ശേഷമാണ് പുതിയ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് നയം തീരുമാനിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. ബോര്‍ഡ് മീറ്റിംഗില്‍ എടുത്ത തീരുമാനങ്ങള്‍ നോയിഡ അതോറിറ്റിയുടെ സിഇഒ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 2023 മാര്‍ച്ച് 1ന് മുമ്പ് വളര്‍ത്തുനായ്ക്കളുടെയും പൂച്ചകളുടെയും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും ചെയ്തിരിക്കണമെന്നാണ് നിര്‍ദേശം. അവസാന തീയതിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടാലും വളര്‍ത്തു മൃഗത്തിന്റെ ഉടമയ്‌ക്കെതിരെ പിഴ ചുമത്താനാണ് തീരുമാനം.
വളര്‍ത്തുനായ്ക്കള്‍ക്ക് വന്ധ്യംകരണവും പേവിഷബാധ പ്രതിരോധ കുത്തിവെപ്പും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ പ്രതിമാസം 2000 രൂപയാണ് പിഴ. വളര്‍ത്തുനായയോ പൂച്ചയോ കാരണം എന്തെങ്കിലും അപകടമുണ്ടായാലും ഉടമക്ക് 10,000 രൂപ പിഴ ചുമത്തും. വളര്‍ത്ത് മൃഗത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ വ്യക്തിയുടെയോ മൃഗങ്ങളുടേയോ ചികിത്സാ ചെലവും വളര്‍ത്തു മൃഗത്തിന്റെ ഉടമയില്‍ നിന്ന് ഈടാക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.