ഷിംല: കേരളത്തില്‍ നായശല്യമാണ് രൂക്ഷമെങ്കില്‍ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കുരങ്ങന്മാരാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. ശല്യം ചെയ്യുന്ന കുരങ്ങുകളെ ജീവനോടെയോ അല്ലാതെയോ പിടിച്ചു നല്‍കുന്നവര്‍ക്ക് 1000 രൂപ പ്രതിഫലം നല്‍കാമെന്ന് ഹിമാചല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജീവനോടെ പിടികൂടുന്ന കുരങ്ങന്മാരെ വന്ധ്യംകരിച്ച് വനങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് മന്ത്രി താക്കൂര്‍ സിങ് ഭര്‍മൗറി പറഞ്ഞു.
സംസ്ഥാനത്തെ 37 പ്രദേശങ്ങളിലാണ് കുരങ്ങന്മാരുടെ ശല്യം രൂക്ഷമായി സര്‍ക്കാര്‍ കണ്ടെത്തിയത്. കുരങ്ങന്മാരെ കൊല്ലുന്നവര്‍ക്ക് വനം വകുപ്പ് നേരത്തെ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. 300 മുതല്‍ 500 രൂപ വരെയാണ് ഒരു കുരങ്ങിന് നല്‍കാന്‍ തീരുമാനിച്ചത്. കൃഷിയിടങ്ങളിലും തെരുവുകളിലും അലഞ്ഞ് തിരഞ്ഞ് ജനങ്ങളെ ഉപദ്രവഹിക്കുന്ന കുരങ്ങന്മാരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.
കുരങ്ങന്മാരെ പിടിക്കുന്നതിനെക്കുറിച്ച് പ്രത്യേക ക്ലാസുകളും ജനങ്ങള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കുരങ്ങന്മാരുടെ വന്ധ്യംകരണത്തിനായി സര്‍ക്കാര്‍ ഇതുവരെ 20 കോടി രൂപയാണ് ചെലവിട്ടത്. എന്നാല്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും കുരങ്ങു ശല്യം രൂക്ഷമായതോടെയാണ് പുതിയ പ്രഖ്യാപനത്തിലേക്ക് സര്‍ക്കാര്‍ മുതിര്‍ന്നത്.