തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ 1000 ദിവസം ആഘോഷിക്കുന്നതിന് 10 കോടി രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറങ്ങി. പ്രളയപുനര്‍നിര്‍മാണത്തിന് പണമില്ലാതെയിരിക്കുകയും ദൈനംദിനച്ചെലവിന് പണം കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്യുന്നതിനിടെയാണ് ഈ ധൂര്‍ത്ത്. പ്രളയത്തിന് ശേഷം പണമില്ലാത്തതിന്റെ പേരില്‍ ചെലവുകള്‍ വെട്ടിച്ചുരുക്കുകയാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ സര്‍ക്കാരിന്റെ പ്രചരണ പരിപാടികള്‍ക്കായി മാത്രം കോടികളാണ് ചെലവഴിക്കുന്നത്.പരസ്യങ്ങള്‍ക്കും മറ്റുമായി സര്‍ക്കാര്‍ വന്‍ തുക ചെലവഴിക്കുന്നുണ്ടെന്ന ആക്ഷേപവും നിലനില്‍ക്കുന്നതിനിടെയാണ് അനാവശ്യ ചെലവുകള്‍ ഖജനാവില്‍ നിന്നും നടത്തുന്നത്.
പ്രളയത്തിന് ശേഷം നടന്ന സ്‌കൂള്‍ കായികമേളയും കലോത്സവവും വള്ളകളിയും ഫിലിം ഫെസ്റ്റിവലും അടക്കമുള്ള പരിപാടികള്‍ക്ക് ചിലവ് ചുരുക്കലിന്റെ പേരില്‍ ഫണ്ട് വെട്ടി കുറച്ചിരുന്നു. എന്നാല്‍ പ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും കര കയറുന്നതിന് മുന്‍പാണ് സര്‍ക്കാരിന്റെ ഈ ധൂര്‍ത്ത്. നേരത്തെ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായും കോടികള്‍ മുടക്കിയുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഫെബ്രുവരി 20 മുതല്‍ 27 വരെ നടത്താനുദ്ദേശിക്കുന്ന ആഘോഷ പരിപാടികള്‍ക്കായി 9.40 കോടി രൂപ ചെലവഴിക്കാനാണ് ഉത്തരവ്. ജില്ല കലക്ടര്‍മാര്‍ക്ക് ഇതിനായി 4.90 കോടി രൂപ നല്‍കും. പരസ്യങ്ങള്‍ക്കും മറ്റ് പ്രചരണ പരിപാടികള്‍ക്കുമായി ഇന്‍ഫര്‍മേഷന്‍ വകുപ്പിന് രണ്ട് കോടി രൂപ, ആഘോഷ പരിപാടികള്‍ക്കും ഉദ്ഘാടന സമാപന ചടങ്ങുകള്‍ക്കുമായി 2.62 കോടി രൂപയും ചെലവാക്കാനാണ് ഉത്തരവില്‍ പറയുന്നത്.
1000 പുതിയ വികസന, ക്ഷേമ പദ്ധതികള്‍ക്കു തുടക്കം കുറിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം 20നു കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 27നു തിരുവനന്തപുരത്താണു സമാപനം. എല്ലാ ജില്ലയിലും ഒരാഴ്ച നീളുന്ന പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
സര്‍ക്കാറിന്റെ 1000 ദിവസം: ആഘോഷങ്ങള്‍ക്ക് ധൂര്‍ത്തടിക്കുന്നത് 10 കോടി
Tags: pinarayi vijayan