പി കുഞ്ഞിപ്പ നെല്ലിക്കുത്ത്
അവസാനം 1922 ഫെബ്രുവരി 17 ന് ആലി മുസ്‌ലിയാരെയും 12 പേരെയും കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റാന്‍ വിധിച്ചു. അന്ന് കോയമ്പത്തൂര്‍ ജില്ലാ ഖിലാഫത്ത് നേതാവും പൗരമുഖ്യനുമായിരുന്ന യാഖൂബ് ഹസന്‍ സേട്ടു സാഹിബ് വിവരിക്കുന്നത് കാണുക: ‘ഞാന്‍ എന്റെ പ്രിയപ്പെട്ട സ്‌നേഹിതനും ആലിമുമായ ഏരികുന്നന്‍ ആലി മുസ്‌ലിയാരുമായി സംസാരിക്കേണ്ടതിന് ജില്ലാ കലക്ടര്‍ക്കും ജയില്‍ സൂപ്രണ്ടിനും ഹരജി കൊടുത്തു. ഒരു മണിക്കൂര്‍ നേരം കണ്ട് സംസാരിക്കാന്‍ അനുവദിച്ചു. അങ്ങനെ ജയില്‍ ഉദ്യോഗസ്ഥരോടൊപ്പം ജയിലില്‍ ചെന്നപ്പോള്‍ ആലി മുസ്‌ലിയാര്‍ അവര്‍കള്‍ക്ക് ഒരു പ്രധാന സ്ഥലം അനുവദിച്ചിരുന്നത് കണ്ടു. ഞാന്‍ അദ്ദേഹത്തെ അഭിമുഖീകരിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹം തഫ്‌സീറുല്‍ ഖുര്‍ആന്‍ വായിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹവുമായി സംസാരിച്ച കൂട്ടത്തില്‍ നിങ്ങള്‍ക്ക് നാട്ടിലെയും വീട്ടിലെയും കുടുംബക്കാരുടെയും വിവരങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം എനിക്ക് ദുന്‍യവിയായ ഒരു കാര്യവും അറിയേണ്ടതില്ല, അറിയിക്കേണ്ടതുമില്ല എന്ന് പ്രത്യുത്തരം നല്‍കി. അതിന് ശേഷം ഖിലാഫത്തിനെ സംബന്ധിച്ച വിവരവും ഖിലാഫത്ത് അനുയായികളുടെ വിവരവും അദ്ദേഹം അന്വേഷിച്ചു. അപ്പോള്‍ എനിക്ക് കിട്ടിയ വിവരങ്ങളെല്ലാം ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു. അതിന് ശേഷം ഞാന്‍ ജയിലില്‍നിന്നും പുറത്ത് വന്നു. മുന്‍ ചൊന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് ഞാന്‍ വീണ്ടും ഹരജി കൊടുത്തു. ആലി മുസ്‌ലിയാരുടെ പരിചരണത്തിനായി ഞാന്‍ ഒരാളെ നിയമിച്ച് കൊടുക്കാം എന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. അതിന് സര്‍ക്കാര്‍ തലത്തില്‍തന്നെ അദ്ദേഹത്തിന് മൂന്നുപേരെ വെച്ച് കൊടുക്കാം എന്ന മറുപടി ലഭിച്ചു’
ഒരു മാസത്തിന് ശേഷം അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ഞാന്‍ രണ്ടാമതും അപേക്ഷിച്ചു. അങ്ങനെ ഒരു മണിക്കൂര്‍ അനുവദിച്ച് തന്നു. ഞാന്‍ ജയിലില്‍ പോയി വീണ്ടും അദ്ദേഹത്തെ അഭിമുഖീകരിച്ച് സംഭാഷണം നടത്തി, അന്നും ഞാന്‍ താങ്കളുടെ നാട്ടിലെയും കുടുംബങ്ങളുടെയും വീട്ടിന്റെയും സ്ഥിതിഗതികള്‍ അന്വേഷിച്ചറിയിക്കട്ടെയോ എന്ന് മുമ്പത്തെപ്പോലെ ചോദിച്ചു. അപ്പോഴും ദുന്‍യവിയായ യാതൊരു വിവരവും എനിക്ക് അറിയേണ്ടതില്ലെന്നും അറിയിക്കേണ്ടതില്ലെന്നും പഴയത് പോലെ മറുപടി തന്നു അദ്ദേഹം. അനന്തരം ജയിലില്‍നിന്ന് തിരിച്ച് പോന്നു. വീണ്ടും അപ്പീലില്‍ തൂക്കിക്കൊല്ലല്‍ വിധിയെ സ്ഥിരീകരിച്ച വിധിയാണുണ്ടായത്. അങ്ങനെ മൂന്നാമതും ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ഹരജി നല്‍കി. ആ സന്ദര്‍ഭത്തില്‍ കലക്ടറും ജയിലധികൃതരും എന്നോട് താങ്കള്‍ ആലി മുസ്‌ലിയാര്‍ക്ക് ആരാകും എന്ന് ചോദിച്ചു. അദ്ദേഹം എന്റെ അടുത്ത സ്‌നേഹിതനാണ് എന്ന് ഞാന്‍ മറുപടി നല്‍കി. അടുത്ത കുടുംബങ്ങള്‍ക്കല്ലാതെ ഇനി അനുവാദം ലഭിക്കുകയില്ലെന്ന് അവര്‍ പറഞ്ഞു. പിന്നീട് അടുത്ത ശനിയാഴ്ച ആലി മുസ്‌ലിയാരെയും അഞ്ച് ആളുകളെയും 11 മണിക്ക് തൂക്കി കൊല്ലുമെന്ന വിളംബരം പ്രസിദ്ധമായി. ഈ സംഗതി അടുത്ത വെള്ളിയാഴ്ച ശാഫിഈ ജുമാമസ്ജിദില്‍ വിളിച്ച് പറയാന്‍ ഞാന്‍ ഒരാളെ നിയമിച്ചു. സ്ഥലത്തെ ഹനഫി ജുമാമസ്ജിദില്‍ വെച്ച് ഞാന്‍ തന്നെ ഇങ്ങനെ പറഞ്ഞു. നാളെ പകല്‍ 11 മണിക്ക് ഇസ്‌ലാമിന്റെ പേരില്‍ പ്രാമാണികനായ ഒരു ആലിമും അദ്ദേഹത്തിന്റെ സഹഗാമികളായ അഞ്ചാളുകളും തൂക്കിലേറ്റപ്പെടുന്നതാണ്. അതിനാല്‍ നാളെ കോയമ്പത്തൂര്‍ പട്ടണത്തിലെയും പരിസരങ്ങളിലെയും ഒരൊറ്റ മുസ്‌ലിം ഷോപ്പുകളും തുറക്കരുത്. 8 മണിക്ക് ശേഷം മയ്യിത്തുകള്‍ ഏറ്റുവാങ്ങാന്‍ മുസ്‌ലിംകള്‍ ജയിലിന് ചുറ്റുഭാഗത്തും വെളിയില്‍ സംഘടിച്ച് നില്‍ക്കണം. ആ ശനിയാഴ്ച 4 മൈല്‍ ചുറ്റളവുള്ള ജയിലിന്റെ ചുറ്റുഭാഗത്തും ജനങ്ങള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. ജയിലിലുള്ള ആലി മുസ്‌ലിയാരുടെ വിവരം അന്വേഷിക്കാന്‍ ഞാന്‍ ഒരു ജയില്‍ ഉദ്യോഗസ്ഥനെ അധികാരപ്പെടുത്തിയിരുന്നു. അന്ന് 10 മണിക്ക് ആലി മുസ്‌ലിയാരുടെ അടുക്കല്‍ ജയില്‍ സൂപ്രണ്ടും മറ്റൊരു സായിപും നാല് പൊലീസുകാരോടൊപ്പം വന്നു. ഇന്ന് 11 മണിക്ക് താങ്കളെയും കൂട്ടുകാരായ 5 ആളുകളെയും തൂക്കുന്നതാണ്. അതിനാല്‍ അതിനിടയില്‍ താങ്കള്‍ക്ക് അത്യാവശ്യമായ വല്ലതുമുണ്ടെങ്കില്‍ പറയുക. അതിന് മുസ്‌ലിയാര്‍ എനിക്ക് ദുന്‍യവിയായ ഒരാവശ്യവുമില്ല: ഒരു കൂജ ചുടുവെള്ളം തന്നാല്‍ മതി എന്ന് പറഞ്ഞു. ആ വെള്ളം കൊണ്ട് അദ്ദേഹം വുളു (അംഗശുദ്ധി) വെടുത്ത് രണ്ട് റകഅത്ത് നമസ്‌കരിച്ചു. അദ്ദേഹം നമസ്‌കാര വേളയില്‍ ഉറക്കെ തക്ബീര്‍ ചൊല്ലുന്നത് കേട്ടിരുന്നു ചുറ്റുഭാഗത്തുള്ള ജയില്‍ പുള്ളികള്‍ രണ്ടാം റകഅത്തില്‍ അദ്ദേഹം സുജൂദിലേക്ക് വീണു, അപ്പോള്‍ ജയില്‍ സൂപ്രണ്ട് പൊലീസുകാരോട് അദ്ദേഹത്തെ തൂക്ക് സ്ഥാനത്തേക്ക് എടുത്ത് കൊണ്ട് പോയി തൂക്കിലേറ്റാന്‍ ആജ്ഞാപിച്ചു. എന്റെ പൂര്‍ണ വിശ്വാസം മരിച്ചതോട്കൂടിയാണ് അദ്ദേഹം സുജൂദില്‍ വീണത് എന്നാണ്. എന്ന് മാത്രമല്ല ജയിലില്‍ അകലെയുള്ള മുറികളിലെ ജനങ്ങള്‍ പൊതുവെ സംഭവം കണ്ടിട്ടുണ്ട്. അതിന്‌ശേഷം അദ്ദേഹത്തിന്റെ കൂട്ടുകാരായ 5 ആളുകളെയും തൂക്കിക്കൊന്നു. അതിനടുത്ത ശനിയാഴ്ച മറ്റാളുകളെയും തൂക്കിലേറ്റി. അതിന് ശേഷം മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കല്‍പനകള്‍ ലഭിച്ചു. അവിടെ നിന്ന് 3 മൈല്‍ അകലെയുള്ള മയ്യിത്ത് പറമ്പില്‍ ജനാസകള്‍ എത്തിയപ്പോള്‍ ജയിലിന്റെ പിന്‍ഭാഗത്ത്‌നിന്ന് ജനാവലി നടന്ന് ഖബര്‍സ്ഥാനില്‍ എത്തിയിരുന്നില്ല. അന്ന് ഞങ്ങള്‍ ഈ ആറ് ആളുകളെയും ഖബറടക്കി. അദ്ദേഹത്തിന്റെ (ആലി മുസ്‌ലിയാരുടെ) ഖബറിന് മുകളില്‍ ഒരു കൊടി ഉയര്‍ത്തി. അവിടെ സുഗന്ധദ്രവ്യങ്ങള്‍ പുതപ്പിച്ചു, ഈ ഖബറുകള്‍ അണിയണിയായി നില്‍ക്കുന്നു. ബാക്കിയുള്ളവരെയും അതിനടുത്ത് അതേ നിലയില്‍ തന്നെ പിന്നീട് ഖബറടക്കി. ഹിജ്‌റ 1340 ജമാദുല്‍ആഖിര്‍ 20 ന് 1922 ഫെബ്രുവരി 17 ന് ശനിയാഴ്ചയാണ് ആലി മുസ്‌ലിയാരെയും അഞ്ചാളകളെയും തൂക്കി കൊന്നത്. മറ്റാളുകളെ 24ാം തിയ്യതിയും തൂക്കിലേറ്റി. കോയമ്പത്തൂരിലെ ഖാദില്‍ ഖുദാത്ത് (മേല്‍ ഖാദി) ആയിരുന്ന പേശി ഇമാം മൗലാനാ അബ്ദുല്‍ റസാഖ് ആലിം സാഹിബ്, മൗലാനാ യാഖൂബ് ഹസ്സന്‍ സേട്ടു സാഹിബ് എന്നിവരുടെ ഇമാമത്തിന്‍ കീഴില്‍ രണ്ട് തവണയായി ജനാസ നമസ്‌കാരം നടന്നു.
ഡോക്ടര്‍ സി.കെ.കരീം എഴുതുന്നു: ‘മലബാര്‍ വിപ്ലവത്തിലെ അതികായനായ ആലി മുസ്‌ലിയാരുടെയും അനുയായികളുടെയും മയ്യിത്ത് ഏറ്റുവാങ്ങുവാന്‍ വ്യക്തികളെ അനുവദിക്കുകയില്ലെന്ന് ജയില്‍ പരിസരത്ത് തടിച്ച് കൂടിയ മുസ്‌ലിം സഹോദരങ്ങളോട് നിഷ്‌കരുണം ജയലധികൃതര്‍ അറിയിച്ചു. അതിന്റെ ഫലമായി കോയമ്പത്തൂരിലുള്ള മലയാളി മാപ്പിളമാര്‍ അവരുടെയിടയില്‍ പി.പി പരീദ് സാഹിബിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ എന്നൊരു സംഘടന രൂപീകരിക്കുകയും ആലി മുസ്‌ലിയാരുടെയും മറ്റ് 12 പേരുടെയും മയ്യിത്തുകള്‍ ഏറ്റുവാങ്ങുകയും ചെയ്തു. കോയമ്പത്തൂര്‍ ശുക്‌റാന്‍ പേട്ടിലുള്ള (പൂ മാര്‍ക്കറ്റിനടുത്തുള്ള) ഖബര്‍സ്ഥാനില്‍ അദ്ദേഹത്തെയും അനുയായികളെയും വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവ് ചെയ്തു. ഇന്ന് ആ ഖബറുകള്‍ ഏതെന്ന് പോലും തിരിച്ചറിയാത്തവിധം വിസ്മൃതിയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. 3 വര്‍ഷം മുമ്പ് ആലിമുസ്‌ലിയാരുടെ പിന്‍തലമുറക്കാരും കുടുംബക്കാരും നാട്ടുകാരും പുറമെ നെല്ലിക്കുത്തിലെ സാമൂഹ്യ സാംസ്‌കാരിക മത രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യങ്ങളുമായ 60 ഓളം പേര്‍ കാരക്കാടന്‍ കുഞ്ഞുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ പ്രസ്തുത ഖബര്‍സ്ഥാന്‍ സന്ദര്‍ശിച്ചെങ്കിലും അവരുടെ ഖബറുകള്‍ ഏതെന്ന് പോലും തിരിച്ചറിയാനാകാതെ തിരിച്ച് പോരികയാണുണ്ടായത്. കഴിഞ്ഞ മാസവും കുഞ്ഞുട്ടിയുടെ നേതൃത്വത്തില്‍ ഒരു സംഘം അവിടം സന്ദര്‍ശിച്ച് പള്ളി ഭാരവാഹികളുമായി ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നതു സ്മരണീയമാണ്.