X

സെഞ്ച്വറി കൂട്ടുകെട്ട്, റായിഡു കണക്ക് തീര്‍ത്തു; ഉദ്ഘാടനപ്പോരില്‍ മുംബൈയെ തകര്‍ത്ത് ചെന്നൈ

ഐപിഎൽ 2020ലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്. ഉദ്ഘാടന മത്സരത്തില്‍ തോറ്റ് തുടങ്ങുന്ന പതിവ് മുംബൈ ഇന്ത്യന്‍സ് തെറ്റിക്കാതിരുന്നപ്പോള്‍ 2019 ഐപിഎൽ ഫൈനലിലെ തോൽവിക്കുള്ള മധുരപ്രതികാരമായി ചെന്നൈയുടെ വിജയം. മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായിഡുവിൻെറ ബാറ്റിങ് മികവിലാണ് ചെന്നൈ വിജയം നേടിയത്.  മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായത്.  മൂന്ന് സിക്സും ആറ് ഫോറുമടക്കം റായിഡു 48 പന്തിൽ നിന്ന് 71 റൺസെടുത്തു. റായുഡുവാണ് കളിയിലെ താരവും. 44 പന്തിൽ നിന്ന് 58 റൺസെടുത്ത് ഡുപ്ലെസി പുറത്താവാതെ ടീമിനെ വിജയത്തിലെത്തിച്ചു. നായകൻ എംഎസ് ധോണി ഇറങ്ങിയെങ്കിലും 2 പന്തിൽ നിന്ന് റൺസൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു. ധോനിയുടെ നായകത്വത്തില്‍ ചെന്നൈയുടെ നൂറാമത്തെ വിജയമാണിത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും ചെന്നൈയുടെ ഒത്തിണക്കത്തോടെയുള്ള ബോളിങിനും ഫീൽഡിങിനും മുന്നിൽ മുംബൈക്ക് കൂറ്റൻ സ്കോർ പടുത്തുയർത്താനായില്ല. മികച്ച തുടക്കം ലഭിച്ച മുംബൈയെ ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോനി തന്റെ ബൗളിങ് മാറ്റങ്ങളിലൂടെ പിടിച്ചുകെട്ടുകയായിരുന്നു. ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റും ചാഹറും ജഡേജയും 2 വീതം വിക്കറ്റുകളും വീഴ്ത്തി. 31 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (17), ഹാര്‍ദിക് പാണ്ഡ്യ (14), ക്രുനാന്‍ പാണ്ഡ്യ (3), പൊള്ളാര്‍ഡ് (18) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

chandrika: