X

100 രൂപ നോട്ടിന് ഡോക്ടര്‍ വാശിപിടിച്ചു; ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചു

മുംബൈ: ബില്ലടക്കാന്‍ നൂറു രൂപയുടെ കറന്‍സി നോട്ടു തന്നെ വേണമെന്ന് ഡോക്ടര്‍ വാശി പിടിച്ചതിനെതുടര്‍ന്ന് നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു. മഹാരാഷ്ട്രയിലെ ഗോവണ്ടിയില്‍ ജീവന്‍ ജ്യോത് ഹോസ്പിറ്റല്‍ ആന്റ് നഴ്‌സിങ് ഹോമില്‍ വെള്ളിയാഴ്ചയാണ് സംഭവം. 1000, 500 രൂപ നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയാണ് ഒരു ജീവനെടുത്തത്.

ഗോവണ്ടി സ്വദേശികളായ ജഗദീഷ് ശര്‍മ്മയുടെയും കിരണ്‍ ശര്‍മ്മയുടെയും കുഞ്ഞാണ് മരിച്ചത്. ഗര്‍ഭിണിയായ കിരണ്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജീവന്‍ജ്യോത് ഹോസ്പിറ്റലിലെ ഡോ. ശീതള്‍ കാമത്തിന്റെ ചികിത്സയിലായിരുന്നു. നവംബര്‍ എട്ടിന് പകല്‍ ഭാര്യയേയും കൂട്ടി ആസ്പത്രിയില്‍ എത്തിയ ജഗദീഷ് ഡോക്ടറെ കാണുകയും സോണിഗ്രാഫി ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ നടത്തുകയും ചെയ്തിരുന്നു. ഡിസംബര്‍ എട്ടിന് പ്രസവത്തിനായി അഡ്മിറ്റ് ആവണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. അന്നു രാത്രിയാണ് പ്രധാനമന്ത്രി മുന്നറിയിപ്പില്ലാതെ 500, 1000 രൂപ കറന്‍സികള്‍ അസാധുവായി പ്രഖ്യാപിച്ചത്.

തൊട്ടടുത്ത ദിവസം കിരണിന് പ്രസവ വേദന അനുഭവപ്പെട്ടു. മരപ്പണിക്കാരനായ ജഗദീഷ് ശര്‍മ്മ ജോലിക്കു പോയതിനാല്‍ ബന്ധുക്കളുടെയും അയല്‍വാസികളുടെയും പരിചരണയില്‍ വീട്ടില്‍തന്നെ കിരണ്‍ കുഞ്ഞിന് ജന്മം നല്‍കി. അമ്മക്ക് വന്‍തോതിലുള്ള രക്തസ്രാവവും കുഞ്ഞിന് തൂക്കക്കുറവും അനുഭവപ്പെട്ടതിനാല്‍ ബന്ധുക്കള്‍ ഉടന്‍ ഇരുവരെയും ഡോ. ശീതള്‍ കാമത്തിന്റെ അടുത്തെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഡോക്ടര്‍ അഡ്മിറ്റ് നിഷേധിക്കുകയായിരുന്നു. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതോടെ 6,000 രൂപയുടെ ബില്ല് നൂറു രൂപ കറന്‍സിയായി നല്‍കിയാല്‍ മാത്രം അഡ്മിറ്റ് നല്‍കാമെന്ന് ഡോക്ടര്‍ പറഞ്ഞു.

ബാങ്കുകളും എ.ടി.എമ്മുകളും അടഞ്ഞു കിടന്നതിനാല്‍ നൂറു രൂപ നോട്ട് സംഘടിപ്പിക്കാനായി ജഗദീഷ് ശര്‍മ്മ നെട്ടോട്ടമോടിയെങ്കിലും ഫലമുണ്ടായില്ല. ബില്ലടക്കാന്‍ ഒരു ദിവസം സാവകാശം നല്‍കണമെന്ന് കേണപേക്ഷിച്ചെങ്കിലും ഡോക്ടര്‍ ചെവിക്കൊണ്ടില്ല. പൊലീസിന്റെ സഹായം തേടിയെങ്കിലും മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കാനായിരുന്നു നിര്‍ദേശം. വെള്ളിയാഴ്ച രാത്രിയോടെ കുട്ടിയുടെ നില ഗുരുതരമായി. ചെമ്പൂരിലുള്ള മറ്റൊരു ഡോക്ടറെ കാണിക്കാനായി കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കൗണ്‍സിലിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു.

chandrika: