മൊഹാലി: കോവിഡ് കാലത്തിന് ശേഷം നാലിന് മൊഹലിയില്‍ പി.സി.എ സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റില്‍ കാണികളെ അനുവദിക്കും. 50 ശതമാനം കാണികള്‍ക്കാണ് അനുമതി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണ് ഈ കാര്യം സ്ഥീരീകരിച്ചത്.
നേരത്തെ കാണികള്‍ക്ക് അവസരമില്ല എന്നായിരുന്നു തീരുമാനം. എന്നാല്‍ ഇന്നലെ ബി.സി.സി.ഐ തീരുമാനം മാറ്റി. പഞ്ചാബിഹില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണിത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാത് കോലിയുടെ നൂറാമത് ടെസ്റ്റ് കൂടിയാണ് മൊഹാലിയില്‍. കോവിഡ് കേസുകള്‍ ഗണ്യമായ കുറഞ്ഞ സാഹചര്യത്തില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കാണികളെ അനുവദിക്കുന്നതെന്നു ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
കോവിഡ് മൂന്നാം ഘട്ടം രാജ്യത്ത് തീവ്രമായപ്പോഴായിരുന്നു ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയും ടി-20 പരമ്പരയും. ഇതില്‍ അഹമ്മദാബാദില്‍ നടന്ന ഏകദിന പരമ്പരക്ക് കാണികള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ കൊല്‍ക്കത്തയില്‍ നടന്ന ടി-20 പരമ്പരയില്‍ കാണികളെ അനുവദിച്ചു. ലക്‌നൗവിലും ധര്‍മശാലയിലുമായി നടന്ന ശ്രീലങ്കക്കെതിരായ ടി-20 മല്‍സരത്തില്‍ യു.പി തെരഞ്ഞെടുപ്പ് കാരണം ലക്‌നൗവില്‍ കാണികള്‍ക്ക്് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ധര്‍മശാലയിലെ രണ്ട് മല്‍സരങ്ങളിലും കാണികള്‍ക്ക് അനുമതി നല്‍കി. മൊഹാലി ടെസ്റ്റിനുള്ള ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി ലഭിക്കുമെന്ന് പി.സി.എ ട്രഷറര്‍ ആര്‍.പി സിംഗ്ല അറിയിച്ചു.