തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കലിനെ കുറിച്ച് പറയുമ്പോഴും സര്‍ക്കാറിന്റെ ധൂര്‍ത്തിന് കുറവില്ല. സര്‍ക്കാറിന്റെ ആയിരം ദിനങ്ങള്‍ ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ലഘുലേഖയുടേയും പോസ്റ്ററിന്റെയും ചെലവ് ഒന്നരക്കോടി രൂപയാണ്. ഇതിന് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ആഘോഷത്തിന്റെ ഭാഗമായി 75 ലക്ഷം ഫോര്‍ഡറുകളാണ് സര്‍ക്കാര്‍ അച്ചടിച്ചത്. ആകെ തുക1,37,67,784 രൂപ. ഇതിന്റെ 50 ശതമാനം തുക നേരത്തെ നല്‍കിയിരുന്നു. ബാക്കി തുക അനുവദിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ് ഉത്തരവിറക്കി. 1000 ദിനങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ അച്ചടിച്ച വകയില്‍ 3,31,000 രൂപ ചെലവായി. 85400 രൂപയുടെ പോസ്റ്ററുകളും അച്ചടിച്ചു. അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിനായി പുസ്തകവും പോസ്റ്ററും അടിച്ചതിനും ചെലവായ ഒന്നരലക്ഷത്തിലധികം രൂപ. ആകെ ഒന്നരക്കോടിയോളം രൂപ സര്‍ക്കാര്‍ ആയിരം ദിനം ആഘോഷിച്ചപ്പോള്‍ പ്രിന്റിംഗ് ചെലവ് തന്നെ ആയിട്ടുണ്ട്. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടികള്‍ക്കും ഡോക്യു ഫെസ്റ്റിനും വേറയെും കോടികള്‍ ചെലവാക്കിയിട്ടുണ്ട്.