മധ്യപ്രദേശിലെ ഗുണാ ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ 10 വയസ്സുകാരന്‍ മരിച്ചു. കുട്ടിയെ ഞായറാഴ്ച രാവിലെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
39 അടി താഴ്ച്ചയില്‍ 16 മണിക്കൂറാണ് കുട്ടി കുടുങ്ങിക്കിടന്നത്. ദേശീയ ദുരന്ത പ്രതികരണ സേന കുട്ടിയെ പുറത്തെടുക്കുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ റഖോഗാര്‍ഹിലെ പീപ്ലിയ എന്ന ഗ്രാമത്തിലാണ് സംഭവം. സുമിത് എന്ന ബാലന്‍ പട്ടം പറത്തുന്നതിനിടെ കുഴക്കിണറിന്റെ തുറന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു. ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തെതിനെ തുടര്‍ന്ന് അനേഷിച്ചിറങ്ങിയ കുടുബവും ഗ്രാമവാസികളും കുഴക്കിണറില്‍ തല കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞയുടന്‍ രക്ഷാദൗത്യ സംഘം സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കുഴക്കിണറിന്റെ സമീപം സമാനായി 45 അടി താഴ്ചയില്‍ ഖനനം ആരംഭിച്ചു. പുലര്‍ച്ചെ 4.30ന് ഖനനം പൂര്‍ത്തിയായ ഉടന്‍ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ കുഴിയില്‍ ഇറങ്ങുകയും കുഴല്‍ക്കിണറിലേക്ക് കൈകൊണ്ട് തുരങ്കം ഉണ്ടാക്കുകയും ചെയ്തതു. രക്ഷാപ്രവര്‍ത്തനത്തിലുടനീളം കുട്ടിയുടെ സുരക്ഷയ്ക്കായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ക്രമീകരിച്ച് ഡോക്ടര്‍മാരും ആംബുലന്‍സുകളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമുകള്‍ സജ്ജരായിരുന്നു.
രക്ഷാപ്രവര്‍ത്തന സമയത്ത് കുട്ടിക്ക് പൈപ്പ് വഴി ഓക്‌സിജനും നല്‍കി. 16 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിച്ചതിന് തൊട്ടുപിന്നാലെ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മരണംകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം സ്ഥിരീകരിക്കുമെന്ന് ഗുണ എസ്പി സഞ്ജീവ് സിന്‍ഹ പറഞ്ഞു.