സ്വന്തം ലേഖകന്‍
തേനി: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങണി വനമേഖലയിലുണ്ടായ കാട്ടു തീയില്‍ 11 മരണം. ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചത്. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം വീതവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും തമിഴ്‌നാട് സര്‍ക്കാര്‍ ധന സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സാമി അറിയിച്ചു. 39 പേരടങ്ങിയ ട്രക്കിങ് സംഘം വനത്തിലേക്ക് പ്രവേശിച്ചത് അനുമതിയില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു. കനത്ത വേനലില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ സാധാരണ വനത്തിലേക്ക് ട്രക്കിങ് അനുവദിക്കാറില്ല.
കാട്ടു തീ പടരാനുള്ള സാധ്യത കൂടുതലായതാണ് കാരണം. ഇനി വനം വകുപ്പിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് ഒരിടത്തും ട്രക്കിങ് അനുവദിക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചു. കാട്ടു തീയില്‍ അകപ്പെട്ട ട്രക്കിങ് സംഘാംഗങ്ങള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നലെ വൈകീട്ടോടെ അവസാനിപ്പിച്ചു. സൈന്യത്തിന്റേയും വ്യോമസേനയുടെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തില്‍ മലയാളിയായ കോട്ടയം പാല സ്വദേശി മീന ജോര്‍ജ്ജിനും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചെന്നൈയില്‍ ഐ.ടി ഉദ്യോഗസ്ഥയാണ്. ശനിയാഴ്ചയാണ് ചെന്നൈ, ഈറോഡ് സ്വദേശികളായ 39 പേര്‍ കൊളുക്കു മലയിലേക്ക് ട്രക്കിങിനായി എത്തിയത്.
അതേസമയം ദുരന്തമുണ്ടാക്കിയ കുരങ്ങിണിമലയിലേക്കുള്ള ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ആസ്ഥാനമായ ക്ലബിനെതിരെ അന്വേഷണം ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ച ശേഷമാണ് തമിഴ്‌നാട് സര്‍ക്കാര്‍ സംഭവത്തെ കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചത്.
മൂന്നു ദിവസത്തിലേറെയായി പ്രദേശത്തു കാട്ടുതീ പടരുന്ന വിവരം വന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരിക്കെ ട്രെക്കിങ്ങിനായി സംഘം വനത്തില്‍ പ്രവേശിച്ചതെങ്ങനെയന്നാണ് മുഖ്യ അന്വേഷണ വിഷയം. വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈ ട്രെക്കിങ് ക്ലബാണ് 26 പേരടങ്ങുന്ന വനിതാ സംഘത്തെ കുരങ്ങിണിയിലെത്തിച്ചത്. സംഘത്തെ നയിച്ച ഗൈഡിനു പുറമെ ക്ലബിന്റെ സ്ഥാപകനായ വിദേശിയെയും പിടികൂടാനുള്ള നടപടികള്‍ തുടരുകയാണ്. ക്ലബിലെ അംഗമായ രാജേഷ് ഇവര്‍ക്ക് വഴികാട്ടി. എന്നാല്‍ ദുരന്തത്തിനു ശേഷം രാജേഷിനെ കണ്ടിട്ടില്ല. ഇയാള്‍ക്കു പുറമെ ക്ലബിന്റെ സ്ഥാപകന്‍ പീറ്റര്‍ വാന്‍ ഗെയ്‌നെയും ചോദ്യം ചെയ്യാനാണു തീരുമാനം. കൃത്യവിലോപം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്.
അതിനിടെ കാട്ടു തീയില്‍ അകപ്പെട്ട ട്രക്കിങ് സംഘാംഗങ്ങള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നലെ വൈകീട്ടോടെ അവസാനിപ്പിച്ചു. സൈന്യത്തിന്റേയും വ്യോമസേനയുടെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തില്‍ മലയാളിയായ കോട്ടയം പാല സ്വദേശി മീന ജോര്‍ജ്ജിനും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചെന്നൈയില്‍ ഐ.ടി ഉദ്യോഗസ്ഥയാണ്. ശനിയാഴ്ചയാണ് ചെന്നൈ, ഈറോഡ് സ്വദേശികളായ 39 പേര്‍ കൊളുക്കു മലയിലേക്ക് ട്രക്കിങിനായി എത്തിയത്.
ഞായറാഴ്ച ഉച്ചയോടെ മലയിറങ്ങുന്ന സമയത്താണ് കാട്ടുതീ പടര്‍ന്നത്. ചെങ്കുത്തായ വനമേഖലയില്‍ കാറ്റ് വീശിയതിനെ തുടര്‍ന്ന് കാട്ടു തീ പടര്‍ന്നു പിടിച്ചതോടെ ട്രക്കിങ് സംഘം ചിതറിയോടുകയായിരുന്നു. ദിശയറിയാതെ പലരും പാറക്കെട്ടുകളിലും മറ്റും തട്ടി വീഴുകയും കാട്ടുതീയില്‍ അകപ്പെട്ട് വെന്ത് മരിക്കുകയുമായിരുന്നു. അപകടത്തില്‍ രക്ഷപ്പെടുത്തിയവരില്‍ 15 പേര്‍ മധുര മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ അരുണ്‍, വിപിന്‍, അഖില, ശുഭ, വിജയ, ഹേമലത, പുനിത, സുനിത എന്നിവര്‍ ചെന്നൈ സ്വദേശികളാണ്. വിവേക്, ദിവ്യ, തമിഴ് ശെല്‍വം എന്നിവര്‍ ഈറോഡ് സ്വദേശികളുമാണ്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും , നൂറോളം വരുന്ന ഫയര്‍ റെസ്‌ക്യൂ ടീമും, പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം ഇരുനൂറ്റി അമ്പതോളം വരുന്ന ഉദ്യോഗസ്ഥരുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.