അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായിട്ടുണ്ട്. ഹര്‍പാല്‍ സിങ് ചീമ, അമന്‍ അറോറ, മേത്ത് ഹയര്‍, ജീവന്‍ ജ്യോത് കൗര്‍, കുല്‍താര്‍ സന്ദ്വാന്‍, ഛരണ്‍ജിത്ത്, കുല്‍വന്ദ് സിങ്, അന്‍മോള്‍ ഗഗന്‍ മാന്‍, സര്‍വ്ജിത്ത് കൗര്‍, ബാല്‍ജിന്ദര്‍ കൗര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
മൂന്ന് വനിതകളും ആദ്യ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആപ്പ് തരംഗത്തില്‍ ജയിച്ച് കയറിയത് 92 പേരാണ്. ഇതില്‍ 82 പേര്‍ പുതുമുഖങ്ങള്‍. എം.എല്‍.മാരില്‍ 25 പേരിലധികം കര്‍ഷകരാണ്. 11 വനിതകള്‍. 12 പേര്‍ ഡോക്ടര്‍മാര്‍, രണ്ട് ഗായകര്‍, 5 അഭിഭാഷകര്‍, വിവരാവകാശ പ്രവര്‍ത്തകര്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ നീളുന്നു പട്ടിക. ഡോക്ടര്‍മാരില്‍ മിന്നും വിജയം നേടിയത് മോഗയില്‍ നിന്ന് ജയിച്ചു കയറിയ അമന്‍ദീപ് കൗറാണ്. നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദിനെയാണ് കൗര്‍ പരാജയപ്പെടുത്തിയത്. ആരോഗ്യമന്ത്രി സ്ഥാനത്തേക്കാണ് ഇവരെ പരിഗണിക്കുന്നത്.