X

ഹജ്ജിന് 10 ലക്ഷം പേര്‍; ഇത്തവണ സഊദിക്ക് പുറത്തുള്ളവരും

റിയാദ്: കോവിഡ് മഹാമാരിയെതുടര്‍ന്ന് ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ രണ്ട് സീസണുകള്‍ക്ക് ശേഷം ഇത്തവണ കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് അനുമതി. മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ച 65 വയസിനു താഴെയുള്ള സഊദിക്ക് അകത്തും പുറത്തും നിന്നുള്ള 10 ലക്ഷം പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുകയെന്ന് സഊദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

ഹറം പള്ളികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ 2021 ഒക്ടോബറോടെ തന്നെ നീക്കിയിരുന്നെങ്കിലും കോവിഡിന് മുമ്പുള്ള രീതിയിലേക്ക് തീര്‍ത്ഥാടകരുടെ എണ്ണം ഇത്തവണയും ഉയര്‍ത്തില്ല. കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളില്‍ 25 ലക്ഷം തീര്‍ത്ഥാടകര്‍ക്കാണ് അനുമതി നല്‍കിയിരുന്നത്.

കോവിഡ് ഭീതി പൂര്‍ണമായി വിട്ടൊഴിയാത്ത പശ്ചാത്തലത്തിലും എക്‌സ്.ഇ അടക്കം പുതിയ വകഭേദങ്ങള്‍ യൂറോപ്പില്‍ ഉള്‍പ്പെടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലുമാണ് ഇത്തവണയും തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കിയത് വിശ്വാസികള്‍ക്ക് ആശ്വാസമാകും.

സുരക്ഷിതമായും ആത്മീയാന്തരീക്ഷത്തിലും പരമാവധി പേര്‍ക്ക് ഹജ്ജിന് അവസരം ഒരുക്കുകയാണ് ഇരു ഹറമുകളുടേയും സേ വകനായ സഊദി ഭരണാധികാരിയുടെ താല്‍പര്യമെന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

65 നു മുകളിലുള്ളവര്‍ അയോഗ്യര്‍

കൊണ്ടോട്ടി: 65 വയസിന് മുകളിലുള്ളവരുടെ ഹജ്ജ് അപേക്ഷകള്‍ ഈ വര്‍ഷത്തെ ഹജ്ജിന് അയോഗ്യരായി കണക്കാക്കും. ഇതിനകം ഹജ്ജ് അപേക്ഷ സമര്‍പ്പിച്ച 65 വയസിനു മുകളിലുള്ള പുരുഷന്‍ മെഹ്‌റമായ ഗ്രുപ്പിന്റെ അപേക്ഷ കാന്‍സല്‍ ആവുന്നതോടെ ഗ്രൂപ്പിലെ മറ്റു സ്ത്രീകളുടെ അപേക്ഷയും കാന്‍സല്‍ ആവുന്നതാണ്. അതേപോലെ 70 വയസ് ഗ്രൂപ്പിലെ എല്ലാ അപേക്ഷയും കാന്‍സല്‍ ആവുന്നതാണ്.

എന്നാല്‍ മേല്‍ തീരുമാനപ്രകാരം അപേക്ഷ കാന്‍സല്‍ ആയ 65 നു താഴെയുള്ളവര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാ വുന്നതും 65 നു താഴെ യുള്ള സ്ത്രീകള്‍ക്ക് മറ്റൊരു പുരുഷ മെഹ്‌റമിനെ ഉള്‍പ്പെടുത്തി പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നതിനും കേന്ദ്ര ഹജ്ജ് കമ്മിറ്റി സൗകര്യം ഏര്‍പെടുത്തി യിട്ടുണ്ട് ഇത് പ്രകാരം ഈ മാസം ഏപ്രില്‍ ഒന്‍പതു മുതല്‍ 22 വരെ ഓണ്‍ലൈന്‍ ആയി പുതിയ അപേക്ഷ സമര്‍പ്പിക്കാ വുന്നതാണ്.

Test User: