X

രണ്ടാം ടേമിലേക്കുള്ള പാഠപുസ്തകങ്ങള്‍ എത്തിയില്ല

ഓണപ്പരീക്ഷ കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധ്യയനം ആരംഭിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും രണ്ടാം ടേമിലേക്കുള്ള പാഠപുസ്തകങ്ങള്‍ എത്താത്തത് വിദ്യാര്‍ത്ഥികളെ കുഴക്കുന്നു. എല്‍.പി, യു.പി വിഭാഗം പുസ്തകങ്ങളാണ് ലഭിക്കാത്തത്. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് ടേമായി വിഭജിച്ച് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഓണപരീക്ഷക്ക് മുമ്പുള്ള ആദ്യടേമിലെ പുസ്തകങ്ങള്‍ ജൂണില്‍ നല്‍കിയിരുന്നു. എന്നാല്‍, രണ്ടാം ടേമിലേക്ക് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ സൗജന്യമായി നല്‍കേണ്ട വിവിധ വിഷയങ്ങളിലെ പുസ്തകങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

എട്ടാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകവും എത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഈമാസം 20നകം പുസ്തകങ്ങള്‍ എത്തിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്. അഞ്ചാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെയുള്ള എല്ലാ പുസ്തകങ്ങളും അച്ചടിച്ച് വിതരണം പൂര്‍ത്തിയായി. ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ പുസ്തകത്തിന്റെ വിതരണം പൂര്‍ത്തിയാക്കുന്നതിലാണ് ചെറിയ തടസമുള്ളതെന്നും അധികൃതര്‍ പറയുന്നു. ചില സ്‌കൂളുകളില്‍ എട്ടാം ക്ലാസിലേക്കുള്ള പാഠപുസ്തകങ്ങള്‍ എത്തിയിട്ടില്ലെന്നും പരാതിയുണ്ട.് അതേസമയം, ഒന്‍പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു.

പുസ്തകത്തില്‍ വില രേഖപ്പെടുത്താത്തതാണ് വിതരണം ചെയ്യുന്നതിന് തടസമായത്. അതേസമയം, പൂജ അവധി കഴിഞ്ഞ് ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്തിക്കുമെന്ന് കെ.ബി.പി.എസ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു. പാഠപുസ്തകങ്ങളുടെ രണ്ടാം വാള്യം അച്ചടിയും വിതരണവും വൈകില്ല. ഹൈസ്‌കൂള്‍, പ്രൈമറി ക്ലാസുകളിലേക്കുള്ള 2.5 കോടിയോളം വരുന്ന രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂന്ന് മാസമെടുത്താണ് ഇവ പൂര്‍ത്തിയാക്കിയത്. പുസ്തകങ്ങളുടെ ബയന്റിംഗ് ജോലികള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം വാല്യം പുസ്തകങ്ങള്‍ പൂജ അവധിക്കുശേഷം ഒക്‌ടോബര്‍ മൂന്ന് മുതലാണ് സ്‌കൂളുകളില്‍ പഠിപ്പിച്ചു തുടങ്ങുന്നത്. അതിനു മുമ്പ് തന്നെ എല്ലാ സ്‌കൂളുകളിലും പുസ്തകങ്ങള്‍ എത്തിക്കും. പുസ്തകങ്ങള്‍ വൈകുമെന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടെന്നും തച്ചങ്കരി പറഞ്ഞു.

chandrika: