X
    Categories: Article

സൗജന്യ വാക്‌സിന്‍ ന്യായാധിപരോട് നന്ദി പറയാം

കെ.എം ഷാജഹാന്‍ 

2021 ജൂണ്‍ 21 മുതല്‍ ഇന്ത്യയില്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് രാജ്യത്തോട് നടത്തിയ അഭിസംബോധനയിലാണ് മോദി തന്റെ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 45 വയസില്‍ താഴെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇതുവരെ മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. ഇതിന് ആവശ്യമായ വാക്‌സിന്‍ സ്വകാര്യ കമ്പനികളില്‍നിന്ന് നേരിട്ട് വാങ്ങണമെന്നായിരുന്നു നിര്‍ദേശം. ഈ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാറുകള്‍ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തുവരികയുണ്ടായി എങ്കിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് അണുവിട പിന്മാറാന്‍ മോദി സര്‍ക്കാര്‍ തയാറായിരുന്നില്ല. ഈ തീരുമാനത്തില്‍നിന്ന് പൊടുന്നനെ പിന്മാറിക്കൊണ്ട് രാജ്യത്ത് 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കും എന്നാണ് പ്രധാനമന്ത്രി മോദി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മോദിയുടെ ഈ തീരുമാനത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് സംഘ്പരിവാരം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ രംഗത്തെത്തിക്കഴിഞ്ഞു. ‘ഉചിതമായ തീരുമാനത്തിന് പ്രധാനമന്ത്രിയോട് ഹൃദയപൂര്‍വം നന്ദി പറയുന്നു’ എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

എന്നാല്‍ രാജ്യത്ത് 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ മോദി എടുത്ത തീരുമാനം സ്വമേധയാ എടുത്തതാണോ? അതിന് മോദിയോടാണോ ‘ഹൃദയപൂര്‍വം’ നന്ദി പറയേണ്ടത്? ഒരിക്കലുമല്ല. മോദിയുടെ ഈ തീരുമാനത്തിന് ഇന്ത്യയിലെ ജനങ്ങള്‍ നന്ദി പറയേണ്ടത് ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിലെ മൂന്ന് ന്യായാധിപരോടാണ്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് കോവിഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിഗണനക്കുവന്ന ഒരു കേസില്‍ സുപ്രീംകോടതി ന്യായാധിപരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ് രവീന്ദ്രഭട്ട് എന്നിവര്‍ മോദി സര്‍ക്കാറിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ സുപ്രീം കോടതി, 18-44 വയസ് പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാത്ത കേന്ദ്ര വാക്‌സിനേഷന്‍ നയം ‘ഏകപക്ഷീയവും യുക്തിരഹിതവും’ ആണെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ ‘ഉദാരവത്കൃത വാക്‌സിന്‍ നയ’വുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയായിരുന്നു.
അ, ദ്വിമുഖ വില- സംഭരണ നയം സ്വകാര്യ ഉത്പാദകര്‍ തീരുമാനിക്കുന്ന വിലക്ക് അവരില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാറുകളെ നിര്‍ബന്ധിതരാക്കുന്നു. ‘രാജ്യത്തൊട്ടാകെ കോവിഡ് 19 വാക്‌സിനുകള്‍ക്ക് ഒറ്റ വില മാത്രമേ ഉണ്ടാകാന്‍ പാടുള്ളു’. സുപ്രീം കോടതി പറഞ്ഞു. രാജ്യത്തെ 18-45 വയസിനിടയിലുള്ളവരില്‍ 50 ശതമാനം പേര്‍ക്ക് വാക്‌സിന്‍ വാങ്ങുന്നത് താങ്ങാനാകുമോ എന്നുപോലും സംശയമുണ്ടെന്ന് വാദത്തിനിടെ ജസ്റ്റിസ് ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ എന്തിനാണ് സംസ്ഥാനങ്ങള്‍ വാക്‌സിന് കൂടുതല്‍ വില നല്‍കുന്നത്? കോടതി ചോദിച്ചു. ആയതിനാല്‍ രാജ്യത്താകെ വാക്‌സിന് ഒരു ഏകീകൃത വിലയാണ് വേണ്ടത്- കോടതി വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഉള്ളതുപോലുള്ള ഭരണഘടനാബാധ്യത സംസ്ഥാനങ്ങള്‍ക്കും ഉണ്ടെന്നും അതിനാല്‍ വാക്‌സിന് രണ്ട് വില എന്നത് ‘പ്രഥമദൃഷ്ട്യാ വിവേചനപരം’ ആണെന്നും കോടതി നിരീക്ഷിച്ചു.

ആ, കേന്ദ്ര സര്‍ക്കാറിന്റെ സൗജന്യ വാക്‌സിനേഷന്‍ പദ്ധതിയുടെ പരിധിയില്‍നിന്നും 18-44 വയസിനിടയില്‍ പ്രായമുള്ളവരെ ഒഴിവാക്കുന്നത് പ്രഥമദൃഷ്ട്യാ ഏകപക്ഷീയവും യുക്തിരഹിതവും ആണെന്നും കോടതി നിരീക്ഷിച്ചു. രണ്ടാം തരംഗത്തില്‍ ഈ പ്രായപരിധിയില്‍ ഉള്ളവരെയാകും കോവിഡ് മഹാമാരി ഏറെ ദോഷകരമായി ബാധിക്കുക എന്ന വസ്തുതയും കോടതി കേന്ദ്ര സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു.

മെയ് 31 വരെ കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിന്‍ നയത്തില്‍ യാതൊരു മാറ്റവും ഉണ്ടാവില്ല എന്ന സൂചനയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. രാജ്യത്ത് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും 2021 വര്‍ഷാന്ത്യത്തോടെ വാക്‌സിന്‍ നല്‍കും എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വിദേശ വാക്‌സിന്‍ കമ്പനികളായ ഫൈസര്‍, മോഡേര്‍ണ എന്നിവരുമായി സജീവമായി ചര്‍ച്ച നടത്തിവരികയാണ്എന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കുകയുണ്ടായി. ഈ കമ്പനികളുമായി നടക്കുന്ന ചര്‍ച്ച വിജയകരമായി പരിസമാപ്തിയിലെത്തുമെന്ന പ്രതീക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രകടിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി തങ്ങളുടെ നിലപാട് കൂടുതല്‍ കടുപ്പിക്കുകയായിരുന്നു. കോടതി തങ്ങളുടെ ഉത്തരവില്‍ (മെയ് 31) കേന്ദ്ര സര്‍ക്കാറിനോട് കൂടുതല്‍ കടുത്ത ചോദ്യങ്ങള്‍ ചോദിച്ചു. അവയില്‍ പ്രധാനപ്പെട്ടവ ഇവയായിരുന്നു.

1, വാക്‌സിന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് മുഴുവന്‍ സ്ഥിതിവിവര കണക്കുകളും ഹാജരാക്കുക.
2, വാക്‌സിന്‍ നയത്തിലേക്ക് എത്തിച്ചേരാന്‍ സഹായിച്ച എല്ലാ ബന്ധപ്പെട്ട രേഖകളും ഫയല്‍ നോട്ടുകളും ഹാജരാക്കുക.
3, വാക്‌സിന്‍ സംഭരണത്തിനായി ബജറ്റില്‍ വകയിരുത്തിയ 35,000 കോടി രൂപ എപ്രകാരം ചെലവഴിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കുകയും 18-44 വയസിനിടയില്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി എന്തുകൊണ്ട് ഈ തുക ഉപയോഗിച്ചില്ല എന്നതും വ്യക്തമാക്കുക.

ഏപ്രില്‍ 30ന് പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിന്‍ നയത്തിലുള്ള ഒട്ടേറെ ഭരണഘടനാപരമായ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നുമാത്രമല്ല, കേന്ദ്ര സര്‍ക്കാറിന്റെ നയം ‘പ്രഥമദൃഷ്ട്യാഭരണഘടനയുടെ പ്രധാനഘടകമായ ആര്‍ട്ടിക്ക്ള്‍ 21 ന്റെ ഭാഗമായ പൊതുജനാരോഗ്യത്തിനുള്ള അവകാശത്തെ ദോഷകരമായി ബാധിക്കും എന്ന് കാണാനാകും എന്നും അതുകൊണ്ട് ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 14, 21 എന്നിവക്ക് എതിരാവില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള വാക്‌സിന്‍ നയം പുന:പരിശോധിക്കും എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു’ എന്നും സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി. ഈ നിരീക്ഷണങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മെയ് 10ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തോടുള്ള സുപ്രീംകോടതിയുടെ അതൃപ്തിയാണ് മേല്‍പറഞ്ഞ വിശദമായ ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ചോദിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാറിന്റെ ന്യായീകരണങ്ങളെ കോടതി തങ്ങളുടെ മെയ് 31 ലെ ഉത്തരവില്‍കൂടി ശക്തമായി വിമര്‍ശിക്കുകയുണ്ടായി. വാക്‌സിന്റെ വില നിര്‍ണയത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെകുറിച്ച് തങ്ങള്‍ക്കുള്ള അതൃപ്തി സുപ്രീംകോടതി ആവര്‍ത്തിച്ച് പ്രകടമാക്കുകയും ചെയ്തു. വളരെ കുറഞ്ഞ വിലക്കാണ് വാക്‌സിന്‍ അമേരിക്കയിലും യൂറോപ്പിലും വില്‍ക്കുന്നത് എന്ന് കോടതി വാക്കാന്‍ നിരീക്ഷിക്കുകയും ചെയ്തു. ഒപ്പം കുത്തനെ ഉയര്‍ന്ന വില യില്‍ വാക്‌സിന്‍ വില്‍ക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് അനുവദിച്ച ക്വാട്ടയെകുറിച്ചും കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിക്കാന്‍ സുപ്രീംകോടതി തയാറല്ല എന്നതിന്റെ വ്യക്തമായ സൂചനകളായി കോടതി നിരീക്ഷണങ്ങളെ വിലയിരുത്താം. വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട ഫയലുകള്‍ കോടതിയില്‍ ഹാജരാക്കേണ്ടിവരികയും വാക്‌സിന്‍ സംഭരണവുമായി ബന്ധപ്പെട്ട ബജറ്റ് അടങ്കല്‍ എങ്ങനെയൊക്കെ ചെലവഴിച്ചു എന്നു വിശദീകരിക്കുകയും ചെയ്യേണ്ടിവന്നിരുന്നുവെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് കോടതിയില്‍ വലിയ നാണക്കേടിന് അത് ഇടയാക്കുമായിരുന്നു.

വാക്‌സിന്‍ നയം സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണ് എന്നും അത് സര്‍ക്കാറിന്റെ അധികാരപരിധിയില്‍പെടുന്ന വിഷയമാണ് എന്നും അക്കാര്യത്തില്‍ ഇടപെടാന്‍ ജുഡീഷ്യറിക്ക് അധികാരമില്ല എന്നും ആയിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. പ്രത്യേകിച്ചും അത്യപൂര്‍വമായൊരു മഹാമാരിയുടെ പശ്ചാത്തലത്തില്‍. എന്നാല്‍ കോടതിയുടെ ഇടപെടല്‍ സസൂക്ഷ്മമായി പരിശോധിച്ചാല്‍ കോടതി അതിന്റെ ചുമതലയായ ‘റശമഹീഴശര ഷൗറശരശമഹ ൃല്ശലം'(സംവാദാത്മകമായ ജുഡീഷ്യല്‍ പുന:പരിശോധന) നടത്തുകയാണ് ചെയ്തതെന്ന് കാണാനാകും. ഇവിടെ കോടതി ചെയ്തത് ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുള്ളില്‍ നിന്ന്‌കൊണ്ട് എക്‌സിക്യൂട്ടീവിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും ന്യായീകരണങ്ങള്‍ ആവശ്യപ്പെടുകയും ആയിരുന്നു.

കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയേറെ ശക്തമായ ഒരു ജുഡീഷ്യല്‍ പുന:പരിശോധനക്ക് സുപ്രീംകോടതി തയാറാകുന്നത് എന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. കുറേ വര്‍ഷങ്ങളായി പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ സുപ്രീംകോടതി പൊതുമണ്ഡലത്തില്‍നിന്ന് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയായിരുന്നു എന്ന് ഓര്‍ക്കണം.
ഇത് തീര്‍ത്തും സ്വാഗതാര്‍ഹമായ ഒരു നീക്കമാണ്. ഇവിടെ സുപ്രീംകോടതി സംസാരിച്ചത് ജനങ്ങള്‍ക്കു വേണ്ടിയാണ്. സുപ്രീം കോടതിയുടെ ഇച്ഛാശക്തിയോടെയുള്ള ഈ നിലപാടാണ്, കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിന്‍ നയം പരിപൂര്‍ണമായി അഴിച്ചുപണിത് രാജ്യത്ത് 18 വയസിനു മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കാന്‍ മോദിയെ പ്രേരിപ്പിച്ചത്. അതുകൊണ്ട് ജനങ്ങള്‍ നന്ദി പറയേണ്ടത് സുപ്രീംകോടതിയിലെ ന്യായാധിപരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വരറാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരോടാണ്.

Test User: