X

കിറ്റിന് വേണ്ടി പണിയെടുത്ത റേഷന്‍കടക്കാരെ എല്‍.ഡി.എഫ് അവഗണിച്ചു

റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത കിറ്റിന്റെ പേര് പറഞ്ഞ് വീണ്ടും അധികാരത്തിലെത്തിയ ഇടതു മുന്നണി സര്‍ക്കാര്‍ ഇതിന് വേണ്ടി അഹോരാത്രം പാടുപെട്ട സംസ്ഥാനത്തെ റേഷന്‍ കടക്കാരെ പാടെ അവഗണിച്ചതായി പരാതി. 14587 റേഷന്‍ കടകളിലായി 9029249 റേഷന്‍ കാര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 88 ലക്ഷത്തില്‍ പരം കാര്‍ഡുടമകള്‍ ഓരോ മാസവും കിറ്റ് വാങ്ങുന്നുണ്ട്. കിറ്റ് നല്‍കിയ വകയില്‍ 8 മാസത്തെ പണം കുടിശ്ശികയാണെന്ന് റേഷന്‍ കടക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് നല്‍കിയ കിറ്റിന് മാത്രമേ പണം ലഭിച്ചിട്ടുള്ളു. ഓരോ ഏരിയയിലും സപ്ലൈക്കോ മാനേജര്‍മാര്‍ക്കാണ് പാക്കറ്റാക്കുന്നതിനുള്ള ചുമതല ഏല്‍പ്പിച്ചിട്ടുളളത്. ഇവയിലേക്ക് സാധനങ്ങള്‍ വാങ്ങിയ വകയിലും പണം നല്‍കാനുണ്ട്. കിറ്റ് നല്‍കിയ വകയില്‍ കോടികളാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. ചില മാവേലി സ്‌റ്റോറുകള്‍ അവിടെ ചെലവാകാത്ത ഇനങ്ങള്‍ കിറ്റിലാക്കി നല്‍കിയിട്ടുണ്ട്. ചില ഭാഗങ്ങളില്‍ മുളക് പൊടി ആണെങ്കില്‍ ചിലയിടത്ത് കെട്ടിക്കിടന്ന മുളകാണ് നല്‍കിയത്. പലതിലും പറഞ്ഞ ഇനങ്ങളല്ല ഉണ്ടായിരുന്നത്. സൗജന്യമായതിനാല്‍ ആളുകള്‍ പരാതിപ്പെടില്ലെന്നത് ഇത്തരക്കാര്‍ മുതലെടുത്തു.
കിറ്റ് കൊടുത്ത് സര്‍ക്കാര്‍ ഭരണം നേടിയപ്പോള്‍ തങ്ങളെ പരിഗണിക്കുക പോലും ഉണ്ടായില്ലെന്ന് റേഷന്‍ കടക്കാര്‍ പറയുന്നു. കോവിഡ് മൂര്‍ച്ചിച്ചിട്ടും യാതൊരു സുരക്ഷാ സജ്ജീകരണങ്ങളും റേഷന്‍ കടകാര്‍ക്ക് ലഭ്യമാക്കിയിട്ടില്ല. ഒന്നര വര്‍ഷത്തിനിടെ കേവലം രണ്ട് മാസ്‌കാണ് ആകെ നല്‍കിയത്.സംസ്ഥാനത്ത് 18 റേഷന്‍ കടക്കാര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.സുരക്ഷാ കാര്യത്തിലോ, വാക്ക്‌സിന്‍ നല്‍കുന്നതിനോ ഇതേ വരെ റേഷന്‍ കടക്കാരെ പരിഗണിച്ചിട്ടില്ല.ഇ.പോസ് മെഷീനില്‍ വിരല്‍ പതിക്കേണ്ടതിനാല്‍ പോസിറ്റീവായ വീടുകളില്‍ നിന്ന് പോലും റേഷന്‍ വാങ്ങാന്‍ എത്തുമ്പോള്‍ പിപിഇ കിറ്റ് വരെ ധരിക്കേണ്ട അവസ്ഥയാണ് നിലവില്‍ റേഷന്‍ കടക്കാര്‍ക്കുള്ളത്.
-മെയ് മാസം കൂടി കിറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിച്ച ഉടനെ വിതരണം നിര്‍ത്തി എന്ന പരാതി ഇല്ലാതിരിക്കാനാണ് ഈ മാസവും കൂടി കിറ്റ് നല്‍കുമെന്ന് പറഞ്ഞത്. കൊടുത്ത കിറ്റിന്റെ വകയില്‍ തന്നെ കോടികള്‍ നല്‍കാനിരിക്കേ ഈ മാസവും കൂടി നല്‍കി തടിയൂരാനുള്ള ശ്രമമാണ് അണിയറയില്‍ .തല്ല് കൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും എന്ന് പറഞ്ഞ പോലെയാണ് കിറ്റ് വിതരണത്തിന്റെ അവസ്ഥയെന്ന് ഒരു റേഷന്‍ കടക്കാരന്‍ പ്രതികരിച്ചു.

Test User: