ബെര്‍ലിന്‍: നവംബര്‍ എട്ടിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുമുമ്പ് 10 ലക്ഷത്തോളം യു.എസ് രേകഖകള്‍ പുറത്തുവിടുമെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസഞ്ചെ. വിക്കിലീക്‌സിന്റെ 10-ാം സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്ന് വീഡിയോ ലിങ്ക് വഴിയാണ് അദ്ദേഹം വിവരം പുറത്തുവിട്ടത്.
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെയും മൂന്ന് മുന്‍ ഭരണകൂടങ്ങളെയും കുറിച്ചുള്ള രഹസ്യരേഖകളാണ് വിക്കിലീക്‌സ് പരസ്യപ്പെടുത്താനിരിക്കുന്നത്. നവംബര്‍ എട്ടിന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിനു മുമ്പ് ഘട്ടം ഘട്ടമായാണ് അവ പുറത്തുവിടുക. ആദ്യ ഘട്ടം രേഖകള്‍ അടുത്ത ആഴ്ച വെളിച്ചം കാണും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ ലക്ഷ്യമിട്ടല്ല രേഖകള്‍ പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വിക്കിലീക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതിന് അദ്ദേഹം ഹിലരിയെ രൂക്ഷമായി വിമര്‍ശിച്ചു. വിക്കിലീക്‌സിന്റെ ഫയലുകള്‍ തുറന്നാല്‍ വൈറസ് ആക്രണമണമുണ്ടാകുമെന്ന് ഹിലരി പ്രചരിപ്പിച്ചിരുന്നതായി അസഞ്ചെ ചൂണ്ടിക്കാട്ടി. 2010ല്‍ അഫ്ഗാനിസ്താനിലെയും ഇറാഖിലെയും സൈനിക നടപടികളെക്കുറിച്ചുള്ള ലക്ഷക്കണക്കിന് അമേരിക്കന്‍ രഹസ്യരേഖകള്‍ വിക്കീലിക്‌സ് പുറത്തുവിട്ടിരുന്നു.