X

ചൈനയില്‍ 10 ലക്ഷം ഉയ്ഗൂര്‍ മുസ്‌ലിംകള്‍ തടങ്കലിലെന്ന് ഐക്യരാഷ്ട്രസഭ: പ്രതികരിക്കാതെ ചൈന

ബീജിങ്: ചൈനയില്‍ 10 ലക്ഷത്തോളം ഉയ്ഗൂര്‍ മുസ്‌ലിംകള്‍ തടങ്കലിലെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി. ഉയ്ഗൂര്‍ സ്വയംഭരണ മേഖല വലിയൊരു തടങ്കല്‍ പാളയമാക്കിരിക്കുകയാണ് ചൈനീസ് ഭരണകൂടമെന്നും ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന ഉന്മൂലന സമിതി അംഗം ഗെയ് മക്ഡുഗല്‍ പറഞ്ഞു.

ചൈനയില്‍ രണ്ട് ദിവസമായി നടക്കുന്ന യു.എന്‍ മനുഷ്യാവകാശ സമിതി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ പല വിവരങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. ആരോപണത്തോട് ചൈനീസ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. അത്തരം തടങ്കല്‍ പാളയങ്ങള്‍ രാജ്യത്തില്ലെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലാണ് ന്യൂനപക്ഷമായ ഉയ്ഗൂര്‍ മുസ്്‌ലിംകള്‍ ഏറെയുള്ളത്. പ്രവിശ്യയുടെ ജനസംഖ്യയില്‍ 45 ശതമാനം ഉയ്ഗൂര്‍ മുസ്്‌ലിംകളാണ്. തിബറ്റിനെപ്പോലെ ഷിന്‍ജിയാങ്ങും ചൈനക്ക് കീഴിലുള്ള സ്വയംഭരണ മേഖലയാണ്.

മാസങ്ങളായി പതിനായിരക്കണക്കിന് ഉയ്ഗൂര്‍ വംശജരെയും മറ്റ് മുസ്്‌ലിംകളെയും ചൈന കസ്റ്റഡിയിലെടുത്തുകൊണ്ടിരിക്കുന്നതായി ആരോപണമുണ്ട്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവാകശ സംഘടനകളും യു.എന്‍ മനുഷ്യാവകാശ സമിതി റിപ്പോര്‍ട്ടിലെ വാദങ്ങളെ ശരിവെക്കുന്നു. കുറ്റംചുമത്താതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മുസ്്‌ലിംകളെ കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ നിര്‍ബന്ധിക്കുന്നതായി വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസ് ആരോപിച്ചു.

ഭക്ഷണം കിട്ടാതെ നരകിക്കുന്ന തടവുകാര്‍ തടങ്കലില്‍ പീഡിപ്പിക്കപ്പെടുകയാണ്. മത തീവ്രവാദത്തോട് പൊരുതുകയെന്ന പേരിലാണ് ചൈന തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഉയ്ഗൂര്‍ മുസ്്‌ലിം വംശജരെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പതിനായിരക്കണക്കിന് ആളുകളെ ചൈന തടവില്‍ പാര്‍പ്പിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ ലോറ സ്‌റ്റോണ്‍ ആരോപിച്ചിരുന്നു. ഷിന്‍ജിയാങില്‍ എല്ലാ വംശജരും സമാധാനത്തോടെ ജോലി ചെയ്ത് ജീവിക്കുന്നുണ്ടെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതിന് മറുപടി നല്‍കിയത്. ചൈനയില്‍ മുസ്്‌ലിംകള്‍ വ്യാപകമായി അടിച്ചമര്‍ത്തപ്പെടുകയാണ്. വെള്ളിയാഴ്ച പുതുതായി നിര്‍മിച്ച പള്ളി പൊളിക്കാനുള്ള ശ്രമം നൂറുകണക്കിന് മുസ്്‌ലിംകള്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. നിര്‍മാണ അനുമതി വാങ്ങിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധികാരികള്‍ പള്ളി തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

chandrika: