X

ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറില്‍ അസംതൃപ്തി പുകയുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭരണ കക്ഷിയായ ബി.ജെ.പിയില്‍ അസംതൃപ്തി പുകയുന്നു. വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറില്‍ അസംതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് വഡോദരയില്‍ നിന്നുള്ള മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ രംഗത്തെത്തി. വഗോദിയ എം.എല്‍.എ മധു ശ്രീവാസ്തവ, മജല്‍പൂര്‍ എം. എല്‍.എ യോഗേഷ് പട്ടേല്‍, സാവ്്‌ലി എം.എല്‍.എ കേതന്‍ ഇനാംദാര്‍ എന്നിവരാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് രംഗത്തു വന്നത്.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറു മാസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ തോന്നും പടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും നിയമസഭാ സാമാജികര്‍ക്കു പോലും പല കാര്യങ്ങള്‍ക്കും ക്യൂ പാലിക്കേണ്ടി വരുന്നതായും മൂവരും ആരോപിച്ചു. തങ്ങള്‍ പാര്‍ട്ടിക്ക് എതിരല്ല, എന്നാല്‍ ഉദ്യോഗസ്ഥരെ നിലനിര്‍ത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ഇത്തരക്കാരെ നിലക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മൂവരും അറിയിച്ചു.

മുഖ്യമന്ത്രി വിജയ് രൂപാണി ഇസ്രാഈല്‍ സന്ദര്‍ശനത്തിലായതിനാല്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ ചുമതല ഏറ്റെടുക്കില്ലെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അസംതൃപ്തരായ എം. എല്‍.എമാര്‍ രംഗത്തു വന്നതെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുമായി അകല്‍ച്ച പാലിക്കുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

chandrika: