കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ചരിത്ര നേട്ടം. 2017-18 സാമ്പത്തികവര്‍ഷത്തില്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്ന് ദിവസം ബാക്കിയിരിക്കെയാണ് സിയാല്‍ ഈ നേട്ടം കൈവരിച്ചത്. സിയാലിന്റെ 19 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷം ഒരുകോടി യാത്രക്കാര്‍ വിമാനത്താവളമുപയോഗിക്കുന്നത്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ ഈ സാമ്പത്തികവര്‍ഷം കൈകാര്യം ചെയ്തത് 1.7 കോടിയോളം യാത്രക്കാരെയാണ്.
ബുധനാഴ്ച ഉച്ച്ക്ക് 12.20 ന് ചെന്നൈയില്‍ നിന്നെത്തിയ 6 E 563 ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുള്ള 175 യാത്രക്കാര്‍ കൊച്ചി വിമാനത്താവളത്തിലെത്തിയതോടെയാണ് സിയാല്‍ ഒരു കോടി യാത്രക്കാര്‍ എന്ന നേട്ടം സ്വന്തമാക്കിയത്. ഒരുകോടി തൊട്ടയാത്രക്കാരുടെ പ്രതിനിധിയെ സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ സ്വീകരിച്ചു. യാത്രക്കാരോടുള്ള സിയാലിന്റെ കടപ്പാടിന്റെ മുദ്രയായി ഒരു പവന്‍ സ്വര്‍ണ നാണയം സമ്മാനിച്ചു. ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റോബി ജോണിന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ ഉപഹാരം നല്‍കി. 2016-17 സാമ്പത്തികവര്‍ഷം 89.41 ലക്ഷം യാത്രക്കാരാണ് സിയാലിലൂടെ കടന്നുപോയത്. 2017-18 മാര്‍ച്ച് 28 ന് യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. ശേഷിക്കുന്ന മൂന്നുദിവസത്തെ കണക്ക് മാറ്റിനിര്‍ത്തിയാല്‍ 11 ശതമാനമാനത്തോളമാണ് ട്രാഫിക്കിലെ മൊത്തവളര്‍ച്ച.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ സിയാല്‍ കൈകാര്യം ചെയ്ത ആഭ്യന്തര യാത്രക്കാരുടെ എണ്ണം 48.43 ലക്ഷമാണ്. 2016-17ല്‍ ഇത് 39.42 ലക്ഷമായിരുന്നു. 23 ശതമാനമാണ് ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിലുണ്ടായ വളര്‍ച്ച. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 49.98 ലക്ഷം രാജ്യാന്തര യാത്രക്കാര്‍ സിയാല്‍ വഴി കടന്നുപോയി. 2017-18 ഇതുവരെ അത് 51.64 ലക്ഷമായി മാറിയിട്ടുണ്ട്. വളര്‍ച്ചാ നിരക്ക് നാല് ശതമാനം. വിമാനസര്‍വീസുകളുടെ എണ്ണത്തിലും സിയാല്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2016-17ല്‍ 62,827 എയര്‍ക്രാഫ്റ്റ് മൂവ്‌മെന്റ് (ടേക്ക് ഓഫ്, ലാന്‍ഡിങ് മൊത്തം സംഖ്യ) രേഖപ്പെടുത്തിയ സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 68891 ആയി ഉയര്‍ന്നു. 13 ശതമാനമാണ് ഇക്കാര്യത്തിലെ വളര്‍ച്ച. 25 എയര്‍ലൈനുകള്‍ സിയാലില്‍ നിന്ന് സര്‍വീസ് നടത്തുന്നു. ഗള്‍ഫ് മേഖലയിലെ മിക്ക രാജ്യങ്ങളിലേയ്ക്കും കൊച്ചിയില്‍ നിന്ന് നേരിട്ട് സര്‍വീസുകളുണ്ട്. സിംഗപ്പൂര്‍, ക്വലാലംപൂര്‍, ബാങ്കോക്ക് എന്നി പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് പ്രതിദിനം ശരാശരി മൂന്നുവീതം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു.
നിലവിലെ ശീതകാല ഷെഡ്യൂള്‍ പ്രകാരം പ്രതിവാരം ഡല്‍ഹിയിലേയ്ക്ക് 95, ബാംഗ്ലൂരിലേയ്ക്ക് 71, മുംബൈയിലേ്ക്ക് 68 എന്നിങ്ങനെയാണ് സിയാലില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍. അഹമ്മദാബാദ്, ജയ്പൂര്‍, പൂണെ, ഹൈദരാബാദ്, എന്നിവയുള്‍പ്പെടെ പ്രധാന വിമാനത്താവളങ്ങളിലേ്‌ക്കെല്ലാം സിയാലില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകളുണ്ട്. രാജ്യത്ത് മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാംസ്ഥാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാംസ്ഥാനവും സിയാലിനുണ്ട്.
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ പുരോഗതിയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പ്രതിവര്‍ഷം 10 കോടി യാത്രക്കാര്‍ ഇന്ത്യയില്‍ ആഭ്യന്തര വിമാനയാത്ര നടത്തുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വന്‍ വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ സിയാല്‍ സജ്ജമാകുന്നതായി മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ” നാലുവര്‍ഷം കൊണ്ട് ഇരട്ടിക്കുന്നവിധത്തിലാണ് ആഭ്യന്തര ട്രാഫിക്കില്‍ രാജ്യത്തുണ്ടാകുന്ന വര്‍ധനവ്. നിലവില്‍ 480 വിമാനങ്ങള്‍ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്കുവേണ്ടി സര്‍വീസ് നടത്തുന്നു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ 1080 പുതിയ വിമാനങ്ങള്‍ കൂടി എത്തുന്നുണ്ട്. വ്യോമയാന രംഗത്തുണ്ടാകുന്ന ഈ വളര്‍ച്ച ഉള്‍ക്കൊള്ളണമെങ്കില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ നിരന്തരം നവീകരിക്കപ്പെടണം. ഇക്കാര്യത്തില്‍ സിയാല്‍ ഏറെ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. ആറു ലക്ഷം ചതരുശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന ഒന്നാം ടെര്‍മിനല്‍ മെയ് മാസത്തോടെ ആഭ്യന്തര സര്‍വീസിനായി തുറന്നുകൊടുക്കും. മണിക്കൂറില്‍ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ഈ ടെര്‍മിനലിന് ശേഷിയുണ്ടാകും ‘ കുര്യന്‍ പറഞ്ഞു.