X

ലൈസന്‍സും ആര്‍.സിയും പ്രിന്റിങ്ങ് മുടങ്ങിയതോടെ കുടുങ്ങിയത് 1.25 ലക്ഷം പേർ

സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സും ആര്‍.സി.യും കിട്ടിയില്ല. പെറ്റ്-ജി സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡ് പ്രിന്റിങ് നിലച്ചതാണ് കാരണം. രജിസ്ട്രേഷന്‍ നടക്കുന്നുണ്ടെങ്കിലും നവംബര്‍ 23 മുതല്‍ ഡ്രൈവിങ് ലൈസന്‍സും ആര്‍.സി.യും നല്‍കുന്നില്ല. കാര്‍ഡുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് പ്രിന്റിങ് മുടങ്ങാനുള്ള കാരണമായി എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ലൈസന്‍സ്/വാഹന ഉടമയില്‍നിന്ന് തപാല്‍നിരക്ക് അടക്കം 245 രൂപ പെറ്റ്-ജി സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡിന് ഈടാക്കുന്നുണ്ട്. കേരളത്തില്‍ കെ.എല്‍-ഒന്ന് (തിരുവനന്തപുരം) മുതല്‍ കെ.എല്‍-86 (പയ്യന്നൂര്‍) വരെ 85 നമ്പറുകളിലാണ് വണ്ടി രജിസ്റ്റര്‍ചെയ്യുന്നത്. ഈ കാലയളവില്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങളും ഡ്രൈവിങ് ലൈസന്‍സ് എടുത്തവരുമായി 1.25 ലക്ഷത്തിലധികം പേരുണ്ടാകുമെന്നാണ് കണക്ക്.

സര്‍ക്കാര്‍ പണം നല്‍കുന്നതിനനുസരിച്ചാണ് പാലക്കാട്ടെ ഐ.ടി. കമ്പനി മോട്ടോര്‍വാഹന വകുപ്പിന് കാര്‍ഡ് വിതരണം ചെയ്യുന്നത്. ഇതാണ് മുടങ്ങിയത്. ഈ കാര്‍ഡിലാണ് പ്രിന്റെടുക്കുന്നത്. അടുത്ത ആഴ്ച മുതല്‍ പ്രിന്റിങ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

2023 ഏപ്രില്‍ അവസാനത്തോടെയാണ് ഡ്രൈവിങ് ലൈസന്‍സുകള്‍ ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള പെറ്റ്-ജി കാര്‍ഡിലേക്ക് മാറിയത്. ഇതേ മാതൃകയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ (ആര്‍.സി.) ഒക്ടോബര്‍ നാലുമുതല്‍ വിതരണം തുടങ്ങി. ലൈസന്‍സ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിലാണ് ഇവയും പ്രിന്റ് ചെയ്യുന്നത്.

ഒന്നേകാല്‍ ലക്ഷത്തോളം ഡ്രൈവിങ് ലൈസന്‍സും ആര്‍.സി.യും ഒന്നിച്ചുവരുമ്പോള്‍ തപാല്‍ ഓഫീസുകാരും നട്ടംതിരിയും. മേല്‍വിലാസക്കാരന്റെ കൈയിലെത്താന്‍ പിന്നെയും ദിവസങ്ങളെടുക്കും.

എന്താണ് പെറ്റ്-ജി

ആധുനിക സെക്യൂരിറ്റി ഫീച്ചറുകളോടുകൂടി പ്രിന്റ് ചെയ്ത കാര്‍ഡുകളാണിവ. പഴയ ലാമിനേറ്റഡ് കാര്‍ഡ്, ബുക്ക് ലൈസന്‍സ് ഉള്‍പ്പെടെ മാറ്റി ഈ കാര്‍ഡിലേക്ക് മാറാം. നിലവില്‍ പെറ്റ് -ജി ലൈസന്‍സിന് ആര്‍.ടി.ഒ./സബ് ആര്‍.ടി.ഒ. ഓഫീസുകളിലെ ജീവനക്കാര്‍ അപേക്ഷ പരിശോധിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അനുമതിക്കുശേഷമാണ് എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലേക്ക് പോകുന്നത്. ഓഫീസുകളില്‍ ആര്‍.സി. ലാമിനേറ്റഡ് കാര്‍ഡുകളില്‍ തയ്യാറാക്കുന്ന രീതി അവസാനിപ്പിച്ചാണ് പെറ്റ്-ജി യിലേക്ക് മാറിയത്. സുരക്ഷാഫീച്ചറുള്ള പെറ്റ് -ജി കാര്‍ഡ് മേല്‍ വിലാസക്കാരന് തപാലില്‍ ലഭിക്കും.

webdesk13: