ന്യൂഡല്‍ഹി: രാജ്യത്ത് നാലു വര്‍ഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തിലുണ്ടായത് വന്‍ വര്‍ധന. 2019ലെ കണക്കുപ്രകാരം 70 ദശലക്ഷം ഇന്ത്യക്കാര്‍ക്കാണ് പ്രമേഹമുണ്ടായിരുന്നതെങ്കില്‍ നിലവിലത് 1.1 കോടിയാണ്. ബ്രിട്ടനിലെ മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രമേഹ ബാധിതരുടെ ദേശീയ ശരാശരി 11.4 ശതമാനമാണ്. ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ളത് ഗോവയിലാണ്. സംസ്ഥാന ജനസംഖ്യയുടെ 26.4 ശതമാനവും പ്രമേഹ ബാധിതരാണ്. മൂന്നാം സ്ഥാനത്തുള്ളത് കേരളമാണ്. സംസ്ഥാനത്ത് നാലിലൊരാള്‍ക്ക് (25.6 ശതമാനം) പ്രമേഹമുണ്ടെന്ന് പഠനം പറയുന്നു. പ്രമേഹ ബാധിതര്‍ കുറവുള്ള യു.പി, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യാപനം വലിയ തോതിലുണ്ടായേക്കാമെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി ഐസിഎംആറിലെ ഡോക്ടര്‍മാര്‍ നഗര, ഗ്രാമ മേഖലകളില്‍ നിന്ന് ഒരു ലക്ഷത്തോളം പേരെ 2008 ഒക്ടോബര്‍ 18നും 2020 ഡിസംബര്‍ 17നുമിടയില്‍ പരിശോധിച്ചിരുന്നു. വികസിത സംസ്ഥാനങ്ങളില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനയുണ്ടായിട്ടില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ല.
അടിയന്തരമായി സംസ്ഥാന തലത്തില്‍ തന്നെ ഇടപെടലുകളുണ്ടാകണമെന്നും ഐസിഎംആര്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ ജനസംഖ്യയുടെ 15.3 ശതമാനത്തിന് (136 ദശലക്ഷം) രക്തത്തില്‍ പഞ്ചസാരയുടെ അളവ് സാധാരണയിലും കൂടുതലുമാണ് (പ്രീ ഡയബെറ്റിസ്). പ്രീ ഡയബെറ്റിക് സ്ഥിതിയുള്ളവര്‍ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ അവരും പ്രമേഹ രോഗികളായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനുവദനീയമായതിനേക്കാള്‍ അധികവും എന്നാല്‍ ടൈപ്പ് 2 പ്രമേഹത്തിന്റെ അളവില്‍ എത്തിയിട്ടുമില്ലാത്ത അവസ്ഥയാണ് പ്രീ ഡയബെറ്റിസ്. ഡോക്ടര്‍മാരുടെ നിരീക്ഷണ പ്രകാരം, പ്രീ ഡയബറ്റിക് ആയിട്ടുള്ളതില്‍ മൂന്നിലൊന്ന് പേര്‍ അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ പ്രമേഹ രോഗികളാകും. മറ്റൊരു വിഭാഗം പ്രീ ഡയബറ്റിക് സ്ഥിതിയില്‍ തുടരുകയും ബാക്കിയുള്ളവര്‍ ജീവിത ശൈലിയിലെ മാറ്റം വഴി സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യും.