X

നിയമലംഘനം: കര്‍ശന നടപടി തുടരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

കൊച്ചി: റോഡില്‍ നിയമം ലംഘിക്കുന്ന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങള്‍ക്കെതിരെയും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത്. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മോട്ടോര്‍ വാഹന വകുപ്പ് സെന്‍ട്രല്‍ സോണ്‍ 1, 2 ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടകരമായ രീതിയിലെ ഡ്രൈവിങിന് ലൈസന്‍സ് റദ്ദാക്കപ്പെടുന്ന െ്രെഡവര്‍മാര്‍ക്ക് എടപ്പാളിലെ ഡ്രൈവേഴ്‌സ് ട്രെയിനിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നല്‍കും. റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ പരിചരിച്ചതിനു ശേഷമാകും ഡ്രൈവര്‍മാരുടെ ലൈസന്‍സ് പുന:സ്ഥാപിക്കുക. ബസ് ഉടമകളുടെ അസോസിയേഷനും ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനകള്‍ ശക്തമാക്കിയതിനെ തുടര്‍ന്നു കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 4472 നിയമലംഘനങ്ങള്‍ കണ്ടെത്തി. 75,73,020 രൂപ പിഴ ഈടാക്കി. 263 വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കി. 19 കെഎസ്ആര്‍ടിസി ബസുകള്‍ക്കെതിരെയും നടപടിയെടുത്തു. നിരത്തിലിറക്കാന്‍ യോഗ്യമല്ലാത്ത ഏഴ് വാഹനങ്ങളുടെ രജിസ്‌ട്രേഷനും റദ്ദാക്കിയതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ പരിശോധനകള്‍ ശക്തമായി തുടരുകയാണ്.

നിയമവിരുദ്ധ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങള്‍, അനധികൃത രൂപമാറ്റങ്ങള്‍ മുതലായവ കര്‍ശനമായി പരിശോധിക്കും. വേഗ നിയന്ത്രണ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുവാന്‍ സഹായിക്കുന്ന കേന്ദ്രങ്ങളെ കണ്ടെത്തി അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. മോട്ടോര്‍ വാഹന വകുപ്പ് സെന്‍ട്രല്‍ സോണ്‍ 1 ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍, സെന്‍ട്രല്‍ സോണ്‍ 2 ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി ജെയിംസ്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Test User: