ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ കക്ഷികള്‍ ഐക്യ നീക്കം ശക്തമാക്കിയത് ബി.ജെ.പി ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. സഖ്യ കക്ഷികളെ ചാക്കിട്ടു പിടിക്കാനുള്ള നീക്കം ബി.ജെ.പിയും വേഗത്തിലാക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷത്തിന്റെ ഐക്യ നീക്കങ്ങളുമായി സഹകരിക്കാതെ മാറി നില്‍ക്കുന്ന കക്ഷികളുമായി നേരിട്ടു ചര്‍ച്ച നടത്താനാണ് ബി.ജെ.പി തീരുമാനം.
ജെ.ഡി.എസുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന ബി.ജെ. പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബാസവരാജ് ബൊമ്മൈയെയാണ് ബി. ജെ.പി ചുമതലപ്പെടുത്തിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുമായിട്ടായിരിക്കും ചര്‍ച്ച നടത്തുക. ബി.ജെ.പി അനുകൂല പ്രസ്താവനകളുമായി എന്‍.ഡി.എ സഖ്യത്തില്‍ ചേക്കേറാനുള്ള ശ്രമങ്ങള്‍ കുമാരസ്വാമി നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇത്തരം ചില ആലോചനകള്‍ നടക്കുന്നുണ്ടെന്നും ചര്‍ച്ച തുടരുമെന്നും കുമാരസ്വാമി മാധ്യമങ്ങളോടു പറഞ്ഞു. ഭാവി രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ചയുടെ ഫലം അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കര്‍ണാടകയിലെ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരു കക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതായാണ് വിവരം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റില്‍ 25 ഇടത്തും ബി.ജെ.പിയാണ് ജയിച്ചത്. ഒരിടത്ത് ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രനും ജയിച്ചു. കോണ്‍ഗ്രസിനും ജെ.ഡി. എസിനും ഒരോ സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയ കോണ്‍ഗ്രസ് ക്യാമ്പ് മികച്ച ആത്മവിശ്വാസത്തിലാണ്. ഒരു സീറ്റ് മാത്രം ജയിച്ച ജെ.ഡി.എസിന് ബി.ജെ.പി എത്ര സീറ്റ് മത്സരിക്കാന്‍ നല്‍കും എന്ന ചോദ്യം പ്രസക്തമാണ്. ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുമായും ബി.ജെ.പി ചര്‍ച്ചക്ക് നീക്കം നടത്തുന്നുണ്ട്. പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെടെ ബി.ജെ. പിക്ക് പരസ്യ പിന്തുണ അറിയിച്ച് മായാവതി രംഗത്തെത്തിയത് എന്‍.ഡി.എ കൂടാരത്തില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇതിനിടെ പ്രതിപക്ഷ കക്ഷികള്‍ നിരന്തരം യോഗം ചേരുന്ന പക്ഷത്തില്‍ ശക്തിപ്രകടനത്തിന് എന്‍.ഡി.എയും തയ്യാറെടുക്കുന്നതായി വിവരമുണ്ട്. ഘടകകക്ഷികളെ ഉള്‍പ്പെടുത്തി അടുത്ത ചൊവ്വാഴ്ച ഡല്‍ഹിയിലെ അശോക് ഹോട്ടലിലാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ഒട്ടും പ്രാതിനിധ്യമില്ലാത്ത ചെറു കക്ഷികളെപ്പോലും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. നിലവില്‍ എന്‍.ഡി.എയില്‍ ഇല്ലാത്ത ചിരാഗ് പസ്വാന്റെ എല്‍.ജെ. പി, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ഉപേന്ദ്ര കുശ് വാഹയുടെ ആര്‍.എല്‍.എസ്.പി എന്നിവക്കും ക്ഷണമുണ്ട്.