X

ട്രെയിന്‍ ദുരന്തം:ഇനിയും തിരിച്ചറിയാതെ 52 മൃതദേഹങ്ങള്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട 52 പേരെ ഇനിയും തിരിച്ചറിഞ്ഞില്ല. ബാലസോറില്‍ മൂന്ന് തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ട 52 പേരുടെ മൃതദേഹം ഇപ്പോഴും ഭുവനേശ്വര്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിലവില്‍ 81 പേരുടെ മൃതദേഹങ്ങളാണ് എയിംസിലുള്ളത്. ഇതില്‍ പല മൃതദേഹങ്ങളുടേയും അവകാശികളെന്നറിയിച്ച് ഒന്നിലധികം പേര്‍ എത്തിയതിനാല്‍ ഇവരുടെ ഡി.എന്‍.എ പരിശോധനക്കായി സാംപിളുകള്‍ എടുത്തിട്ടുണ്ട്. 29 മൃതദേഹങ്ങള്‍ ഇത്തരത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതായി എയിംസ് അധികൃതര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് മൃതദേഹങ്ങള്‍ അവരുടെ നാട്ടിലെത്തിക്കുന്നത്. നാട്ടിലേക്ക് കൊണ്ടുപോകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മൃതദേഹം അടക്കം ചെയ്യാനായി പ്രത്യേകം സ്ഥലം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് ബാലസോറില്‍ ചെന്നൈയിലേക്ക് പുറപ്പെട്ട കോറമണ്ഡല്‍ എക്‌സ്പ്രസും ഹൗറയിലേക്കുള്ള ഷാലിമാര്‍ എക്‌സ്പ്രസും ഒരു ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചത്. സംഭവത്തില്‍ 291 പേര്‍ കൊല്ലപ്പെടുകയും 1000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

webdesk11: