ലണ്ടന്‍: ഒരു ഭാഗത്ത് മുഹമ്മദ് സലാഹ്. അദ്ദേഹത്തിനൊപ്പം ആന്‍ഫീല്‍ഡ് എന്ന വലിയ കാല്‍പ്പന്ത് കൊട്ടക. മറുഭാഗത്ത് കരീം ബെന്‍സേമ. അദ്ദേഹത്തിന്റെ ടീമിന്റെ കരുത്ത് ഗോള്‍ വേട്ടക്കാരായ വീനിഷ്യസ് ജൂനിയറും റോഡ്രിഗോയുമെല്ലാം. ഇന്ന് പുലര്‍ച്ചെ രണ്ട് യൂറോപ്യന്‍ ശക്തികള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍. ഇന്ന് തന്നെ നാപ്പോളിക്കാര്‍ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടുമായും കളിക്കുന്നുണ്ട്.
പോയ വര്‍ഷം ലിവറും റയലും തമ്മിലായിരുന്നു പാരീസിലെ വിവാദമായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. മല്‍സരം റയല്‍ സ്വന്തമാക്കിയെങ്കിലും പാരിസിലെ സ്റ്റഡെ ഡി പാരിസ് വേദിയിലുണ്ടായ തിക്കും തിരക്കും ലിവറിന്റെ ആരാധകരുടെ കടന്നു കയറ്റുവമെല്ലാം ഇപ്പോഴും നിയമ പ്രശ്‌നമാണ്. സ്വന്തം ആരാധകരെ പൊലീസ് തടഞ്ഞുവെന്നാണ് ലിവറിന്റെ പരാതിയെങ്കില്‍ സംഘാടകര്‍ പറഞ്ഞത് ലിവര്‍ ആരാധകര്‍ അതിക്രമത്തിന് മുതിര്‍ന്നു എന്നാണ്.
പക്ഷേ താരങ്ങള്‍ തമ്മില്‍ അകലമില്ലെന്നിരിക്കെ കശപിശ മൈതാനത്തേക്ക് വ്യാപിക്കില്ല. ഇന്ന് റയലിന് ടോണി ക്രൂസിന്റെ സേവനമില്ല. അനുഭവ സമ്പന്നനായ മധ്യനിരക്കാരന്‍ പരുക്കില്‍ പുറത്താണ്. ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ് മധ്യനിരക്കാരാണാ ടീമിന്റെ കരുത്ത്. മുന്‍നിരയില്‍ ബെന്‍സേമക്കൊപ്പം വീനീഷ്യസ് തന്നെ കളിക്കും. പാരീസ് മല്‍സരം തങ്ങള്‍ മറന്നതായി റയല്‍ കോച്ച് കാര്‍ലോസ് അന്‍സലോട്ടി പറഞ്ഞു. അവിടെ ഞങ്ങള്‍ കിരീടം നേടിയിരുന്നു. ഇന്ന് അതിന് പ്രസക്തിയില്ല- കോച്ച് വ്യക്തമാക്കി.ലിവറിന് നല്ല കാലമല്ല ഇപ്പോള്‍. സാദിയോ മാനേ എന്ന സെനഗലുകാരന്‍ പോയ ശേഷം പഴയ ഒത്തിണക്കില്‍ അപരാതിജരായി മുന്നേറാന്‍ അവര്‍ക്കാവുന്നില്ല. സലാഹ് ഗോളുകള്‍ നേടുമ്പോഴും റോബര്‍ട്ടോ ഫിര്‍മിനോയുള്‍പ്പെടെയുളളവര്‍ തപ്പിതടയുന്നു. കോച്ച് ജുര്‍ഗന്‍ ക്ലോപ്പെ പല കോമ്പിനേഷനുകളും പരീക്ഷിച്ചിട്ടും ഒന്നും ക്ലിക്ക് ചെയ്തിട്ടില്ല. ലോകോത്തര താരങ്ങള്‍ സംഘത്തിലുണ്ട്. ഖത്തര്‍ ലോകകപ്പിന് ശേഷം ഗാക്‌പോ എന്ന ഡച്ചുകാരനുമെത്തിയെങ്കിലും പ്രതീക്ഷിച്ച മികവിലേക്ക് വരാനായിട്ടില്ല. നാപ്പോളി ഇറ്റാലിയന്‍ സിരിയ എ യില്‍ അപാര മികവിലാണ് കളിക്കുന്നത്. ജയങ്ങള്‍ തുടര്‍ക്കഥ. ടേബിളില്‍ രണ്ടാം സ്ഥാനക്കാരായ ഇന്റര്‍ മിലാനേക്കാള്‍ 18 പോയിന്റ് ലീഡ്.