കൊച്ചി: ഐഎസ്എല്‍ ബോക്‌സിങ് ഡേയില്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ എഫ്‌സി പോരാട്ടം. എല്ലാ ടീമുകളുമായും ആദ്യറൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ ആറാം ഹോം മത്സരമാണിത്. ആദ്യപാദ മത്സരത്തില്‍ 2-1ന് ഒഡീഷയോട് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. നിലവില്‍ മികച്ച ഫോമിലുള്ള ബ്ലാസ്റ്റേഴ്‌സ് മധുരപ്രതികാരത്തോടെ വിജയവഴിയില്‍ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്. വൈകിട്ട് 7.30നാണ് കിക്കോഫ്.
തുടര്‍ച്ചയായ ആറാം വിജയം നേടി അവസാന മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് 1-1ന് ചെന്നൈയിനോട് സമനിലയില്‍ കുരുങ്ങിയിരുന്നു. ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം ജയവും ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നു. അവസാന രണ്ട് ഹോം മത്സരങ്ങളില്‍ എഫ്‌സി ഗോവയെ 3-1നും, ബെംഗളൂരു എഫ്‌സിയെ 3-2നും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു. 10 കളിയില്‍ 19 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. നാളെ ജയിച്ചാല്‍ മൂന്നാം സ്ഥാനത്തേക്കുയരും. 10 മത്സരങ്ങളില്‍ 19 പോയിന്റുള്ള ഒഡീഷ എഫ്‌സി കേരളത്തിന് പിന്നില്‍ ആറാം സ്ഥാനത്താണ്. കൂടുതല്‍ കാണികളെ ലക്ഷ്യമിട്ട് നാളത്തെ മത്സരത്തിന് ടിക്കറ്റിളവും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്. ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിത കാല ഓഫര്‍. നിലവില്‍ 299, രൂപ. 399, രൂപ. 499, രൂപ. 899 എന്നീ നിരക്കുകളില്‍ വില്‍ക്കുന്ന ടിക്കറ്റുകളാണ് പ്രത്യേക ഇളവില്‍ 250 രൂപക്ക് ആരാധകര്‍ക്ക് നല്‍കുന്നത്. വിഐപി, വിവിഐപി ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.