X

യുവതയുടെ ചിന്താധാര-അബ്ദുല്‍ ഹാദി ഹാഷിം

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് യുവജനങ്ങളുടെ പങ്കാളിത്വവും അവരുടെ ചിന്താഗതികള്‍ സഞ്ചരിക്കുന്ന വഴികളും. രാജ്യത്തിന്റെ വികസനവും ദര്‍ശനവും നിലനില്‍ക്കുന്നത് യുവതലമുറയുടെ കയ്യിലാണ്. സ്വന്തം സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള അറിവും കഴിവും അഭിലാഷവുമുള്ളവരാണ് യുവത.

രാജ്യത്തിന്റെ മികച്ച പൗരനാവുക എന്നതാണ്പ്രഥമ ലക്ഷ്യം. എന്നാല്‍ ആ ലക്ഷ്യത്തിലേക്കുള്ളഏക മാര്‍ഗം വിദ്യാഭ്യാസമാണ്. ബഹുസ്വര സമൂഹവും രാജ്യവും വര്‍ത്തമാന കാലത്ത് നേരിടുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും പൂര്‍ണരൂപത്തില്‍ വായിച്ചെടുത്ത് വിശകലനം ചെയ്യാനും മനസ്സിലാക്കാനും പക്വതയോടുകൂടി പെരുമാറാനും തീരുമാനങ്ങള്‍ നടപ്പിലാക്കാനുമായിരിക്കണം യുവതലമുറ ആര്‍ജിക്കേണ്ട പ്രഥമ കരുത്ത്.ഈ കരുത്തിനെ ഒരിക്കലും നിസാരമായി കാണരുത്. ഓരോ യുവതയുടെ കരുത്തിലും പൊതുബോധത്തിലും എന്ന് കോട്ടം തട്ടുന്നുവോ ആ നിമിഷം അവര്‍ സമൂഹത്തിന് ദോഷകരമായിതീരും. തെറ്റും ശരിയും തിരിച്ചറിയാനാവാത്തവണ്ണം അരാഷ്ട്രീയവാദത്തിലേക്ക് കടന്നുകയറും. ഈ സാഹചര്യം തികച്ചും സമുദായത്തിന് പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.ദീര്‍ഘ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യ രാജ്യം സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും എത്തിനില്‍ക്കുമ്പോള്‍, വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും എങ്ങനെ പരസ്പരം തുന്നികെട്ടാം എന്ന ചിന്തയിലായിരുന്നു. രാജ്യത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കണം എന്നതിനെകുറിച്ച് ചില അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തി വെച്ചിട്ടുണ്ടായിരുന്നു. ആ അടിസ്ഥാന സങ്കല്‍പ്പങ്ങളാണ് ഇന്ത്യ രാജ്യത്തിന്റെ ശക്തമായ അടിത്തറയും വഴികാട്ടിയും. അതില്‍ തന്നെയാണ്‌നമ്മുടെ പ്രത്യാശയും. പുതിയ ഇന്ത്യയെആഗ്രഹിക്കുന്ന വിദ്യാഭ്യാസമുള്ള പുതിയ തലമുറയുടെ പ്രതിനിധികള്‍ എന്ന നിലയില്‍ ഓരോരുത്തരും ആ അടിസ്ഥാനസങ്കല്‍പ്പങ്ങള്‍ വിഭാവനം ചെയ്യുന്ന ആശയങ്ങളെയും മൂല്യങ്ങളെയും എത്രത്തോളം പ്രാധാന്യത്തോടെ കാണുന്നു എന്നതിനെ കുറിച്ച് സ്വയം ആലോചിക്കണം. എന്ന് പുതിയ തലമുറ ആ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവോ അന്ന് ഈ രാജ്യത്തിന്റെ അടിത്തറ വീണ്ടെടുക്കാന്‍ സാധിക്കും. അതായിരിക്കണം യുവതലമുറയുടെ ഉത്തരവാദിത്വവും. മതനിരാസമല്ലമറിച്ച് മതനിരപേക്ഷതയാണ്, അവഗണനയുടെയും അകറ്റിനിര്‍ത്തലിന്റെയും രാഷ്ട്രീയമല്ല മറിച്ച് ഉള്‍കൊള്ളലിന്റെയുംചേര്‍ത്തുനില്‍പ്പിന്റെയും രാഷ്ട്രീയമാണ് കരണീയം.

ചരിത്രവും ഭാവിയും മറന്നുകൊണ്ടുള്ള രാഷ്ട്രീയമാണ് ഇന്നത്തെ സാഹചര്യത്തില്‍ യുവത കൈക്കൊള്ളുന്നത്. വിപ്ലവത്തിന്റെയും തൊഴിലാളി വര്‍ഗത്തിന്റെയും പേരില്‍ നാടോട്ടാകെ അഴിമതിയുംഅക്രമവും മത ധ്രുവീകരണവും അഴിച്ചുവിട്ട് പകല്‍മാന്യന്മാരായി കഴിയുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ വിദ്യാഭ്യാസവും അറിവും വിവേകവുമുള്ളവര്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചുവപ്പന്‍ കെട്ടുകഥകള്‍ കൊണ്ട് പൊലിപ്പിച്ച രാഷ്ട്രീയ സിനിമകളും, സോഷ്യല്‍മീഡിയ വഴിയുള്ള നുണ പ്രചാരണങ്ങളും വസ്തുതകളെ മറിച്ച് വെച്ചുള്ള ഏകപക്ഷീയ വാര്‍ത്തകളെയുമൊക്കെ മറികടന്നു വ്യക്തമായ പൊതുബോധത്തിന്റെയും സത്യത്തിന്റെയും നേരിന്റെയും ചരിത്രത്തിന്റെയുംപിന്‍ബലത്തിലായിരിക്കണം യുവതയുടെ പക്ഷംചേരല്‍. പി.ആര്‍ ഏജന്‍സികളുടെ പ്രൊപോഗണ്ട തന്ത്രത്തില്‍ വിദ്യാഭ്യാസവും അറിവും വിവേകവുമുള്ള പുതിയ തലമുറ കൂപ്പ്കുത്തരുത്. ഒരു നുണ ആയിരം തവണ പറഞ്ഞാല്‍ അത് സത്യമായി കണക്കിലെടുക്കുന്ന ഈ കാലത്ത്, യഥാര്‍ഥ സത്യത്തെ തേടി ഓരോ യുവതയും പോയില്ല എന്നുണ്ടെങ്കില്‍ യുവജന സമൂഹംഈ സമുദായത്തിന് വലിയ നഷ്ടംതന്നെയാണ്. പ്രത്യയശാസ്ത്രത്തിലും ചിന്താഗതിയിലും കോട്ടം തട്ടിയാല്‍ പിന്നെ പ്രവര്‍ത്തിയുടെ ശൈലി സത്യത്തിന്റെതാവില്ലഎന്ന് മാത്രമല്ല സ്വന്തം സമുദായത്തിന് ഭീഷണി കൂടിയാണ്. വിദ്യാഭ്യാസവും അറിവും പരീക്ഷകളിലും കോര്‍പറേറ്റ് കമ്പനികളിലും പ്രായോഗികവത്കരിക്കാന്‍ മാത്രമുള്ളതല്ല മറിച്ച് വിവേകവും പക്വതയുമുള്ള തീരുമാനങ്ങള്‍ എടുക്കാനും സത്യംതേടിയുള്ള യാത്രക്കും കൂടിയാവണം.

ഈ കെട്ടകാലത്തും സ്വന്തം വീട്ടില്‍ സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കുന്നുഎങ്കില്‍ അതിന് ഒരു കാരണമുണ്ട്, ചിലകാരണക്കാരുമുണ്ട്. ആ കാരണക്കാരില്‍ആരും കത്തിയും വടിവാളുമായിട്ടല്ല സമുദായത്തെ നയിച്ചത്, തീവ്ര നിലപാടുകളുമായിരുന്നില്ല. നാളെ വരുംതലമുറ ചരിത്രംതേടി സഞ്ചരിക്കുമ്പോള്‍, വിശേഷിപ്പിക്കുന്നത് സായുധ മാര്‍ഗത്തിലൂടെയും അക്രമത്തിലൂടെയും പോരാടിയ സമൂഹം എന്നായിരിക്കരുത്. പ്രതിരോധത്തിന്റെ പേരില്‍ വാഗ്ദാനങ്ങള്‍ നല്‍കി സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്ന, യുവാക്കളുടെവികാരത്തെ ചൂഷണം ചെയ്യുന്ന ഹീനമായ രാഷ്ട്രീയ അപകടത്തെ വിദ്യാഭ്യാസവുംവിവേകവുമുള്ള യുവതലമുറ തിരിച്ചറിഞ്ഞു അകറ്റിനിര്‍ത്തുകതന്നെ ചെയ്യണം.മൂക്കിന്‍തുമ്പത്ത് എത്തിനില്‍ക്കുന്ന ഫാഷിസത്തെ ചെറുത്ത്‌നിര്‍ത്താന്‍ വേണ്ടത്ഉള്‍കൊള്ളലുകളുടെ രാഷ്ട്രീയമാണ്, ചേര്‍ത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ്. എല്ലാഇരണ്ട കാലങ്ങള്‍ക്ക് ശേഷവും ഒരു സൂര്യോദയം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് നയിക്കേണ്ടത്. അത് തന്നെയാണ് ലോക ചരിത്രവും ഇന്ത്യയുടെ ചരിത്രവും പഠിപ്പിച്ചത്.

Chandrika Web: