X

ചരിത്രത്തെ അപനിര്‍മിക്കുന്ന സംഘ്പരിവാര്‍

റസാഖ് ആദൃശ്ശേരി

ചരിത്രത്തെ അപനിര്‍മിക്കുന്നതിനുള്ള തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഇതിനായുള്ള പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പാഠപുസ്തകങ്ങളില്‍നിന്നും കുട്ടികള്‍ തെറ്റായ ചരിത്രമാണ് പഠിക്കുന്നതെന്നും അവരെ ശരിയായ ചരിത്രം പഠിപ്പിക്കേണ്ടത് ഗവണ്‍മെന്റിന്റെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും അവര്‍ പറയുന്നു. പൗരാണികകാലം മുതലുള്ള ഇന്ത്യന്‍ സംസ്‌കാരത്തോടും ഈ നാട് ഭരിച്ച ഭരണാധികാരികളോടും യാതൊരു ബഹുമാന ആദരവുകളുമില്ലാത്ത പുതിയ തലമുറ വളര്‍ന്നുവരുന്നതിനു കാരണം ചരിത്രത്തിലെ തെറ്റായ നിര്‍മിതിയാണെന്നാണ് സംഘ്പരിവാര്‍ വാദം. ചരിത്ര ഗവേഷണ കൗണ്‍സിലും ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ഭാരതീയ ഇതിഹാസ സങ്കലന യോജനയും ഒന്നിച്ചുചേര്‍ന്ന് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നു.

2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്ന നാള്‍ മുതല്‍തന്നെ ഈ പദ്ധതിക്ക് ആക്കം കൂട്ടിയിരുന്നു. പാഠപുസ്തകങ്ങളിലൂടെയുള്ള വര്‍ഗീയവത്കരണമായിരുന്നു അവയിലൊന്ന്. ഹിന്ദുത്വയുടെ ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി തലമുറകളെ വരുതിയിലാക്കാന്‍ കഴിയുന്ന അധികാര വിദ്യാഭ്യാസ തന്ത്രമാണ് ഇതിന് അവര്‍ പ്രയോഗിക്കുന്നത്. കാവിയുടെ പ്രത്യയശാസ്ത്രം പാഠപുസ്തകങ്ങളില്‍ കുത്തിനിറച്ചുകൊണ്ട് കുട്ടിക്കാലത്തെ പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമായ തന്ത്രം ബി.ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് രൂപകല്‍പ്പനചെയ്ത പുസ്തകങ്ങള്‍ പ്രൈമറി ക്ലാസ് മുതല്‍ സര്‍വകലാശാല തലം വരെ പഠിപ്പിക്കുന്ന തരത്തില്‍ സിലബസുകള്‍ പൂര്‍ണമായും മാറ്റിയെഴുതികൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയും സമ്പൂര്‍ണ വര്‍ഗീയവത്കരണം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. ഇക്കാലം വരെ രാജ്യം പിന്തുടര്‍ന്നുപോന്ന സര്‍വ മൂല്യങ്ങളും തകര്‍ക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം. ഇതിനെതിരെ കേരളത്തില്‍പോലും വേണ്ടത്ര പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടില്ലയെന്നതാണ് വസ്തുത.

പ്രാചീന ഇന്ത്യയെന്ന മിത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള ചരിത്ര ദര്‍ശനമാണ് ആര്‍.എസ്.എസിന്റെത്. ‘ഇന്ത്യക്കാരനാകുന്നതില്‍ അഭിമാനിക്കുക’ എന്നതാണ് ഈ ചരിത്രദര്‍ശനത്തിന്റെ കാതല്‍. ആര്യന്മാരാണ് ഈ രാജ്യത്തെ ചിരപുരാതന ജനത. ആദിമ മനുഷ്യന്‍ ജന്മം കൊണ്ടത് ഭാരതത്തിലാണ്, ഇത് ദേവന്മാരുടെ ഭൂമിയാണ്, ഏറ്റവും പൗരാണികവും വിശിഷ്ടവുമായ ഭാഷ സംസ്‌കൃതമാണ്, ലോകത്തെ സംസ്‌കാരം പഠിപ്പിച്ചത് ആര്യന്മാരാണ് തുടങ്ങിയവയെല്ലാം ഈ ചരിത്രദര്‍ശനം ഉള്‍കൊള്ളുന്നു. ഇന്ത്യയുടെ സാമൂഹിക രൂപവത്കരണത്തില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു പങ്കുമില്ല. അവര്‍ രാജ്യത്തെ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തവരാണ്. അടിമത്തത്തിന്റെ കാലഘട്ടമായിരുന്നു മുസ്‌ലിം ഭരണ കാലം, അതിന്റെ സ്വാധീനത്തില്‍നിന്നും മോചനം നേടുകയെന്നതാണ് ദേശീയത. ഈ തരത്തിലുള്ള മിത്തുകളാണ് തങ്ങളുടെ ഗ്രന്ഥങ്ങളിലും പാഠ്യപദ്ധതിയിലും ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നത്.

ഇന്ത്യയിലെ മുസ്‌ലിം ഭരണകൂടങ്ങളെ പൈശാചികവത്കരിക്കുകയെന്നത് ആര്‍.എസ്.എസിന്റെ സ്ഥിരം പദ്ധതിയാണ്. മുസ്‌ലിം ഭരണാധികാരമഹത്വം വിളംബരപ്പെടുത്തുന്ന ചരിത്ര സ്മാരകങ്ങളെ അപകീര്‍ത്തിപ്പെടുത്തലും തകര്‍ക്കലും പേര് മാറ്റുന്നതും എല്ലാം അതിനു വേണ്ടിയാണ്. താജ്മഹലും ചെങ്കോട്ടയും മറ്റു പ്രധാനപ്പെട്ട മുസ്‌ലിം ചരിത്ര സ്മാരകങ്ങളും ഹിന്ദു രാജാക്കന്മാരുടെ നിര്‍മിതിയാണെന്ന രീതിയില്‍ ഇന്ത്യാ ചരിത്രം ഇതിനകംതന്നെ തിരുത്തിയെഴുതപ്പെട്ടിട്ടുണ്ട്. പ്രസ്തുത പുസ്തകങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഇന്നു ലഭ്യമാണ്. മുസ്‌ലിം ഭരണാധികാരികള്‍ ക്ഷേത്ര ധ്വംസകരായിരുന്നുവെന്നത് സംഘ്ചരിത്ര രചനകളില്‍ ധാരാളം കാണാം. അക്ബറെ പോലും അവര്‍ വെറുതെ വിട്ടിട്ടില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ചരിത്ര സ്മാരകങ്ങളിലും പുരാതന മുസ്‌ലിം പള്ളികളിലും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ഖനനം നടത്തുന്നത് ഇതിനു വേണ്ടിയാണ്. പല സ്ഥലങ്ങളിലും ഇത്തരം പ്രതിമകളും മറ്റും കണ്ടെത്തിയെന്ന വാദവുമായി പള്ളികളുടെയും ചരിത്ര സ്മാരകങ്ങളുടെയും നേരെ അവകാശവാദം ഉന്നയിക്കല്‍ സംഘ്പരിവാര്‍ പതിവാക്കിയിരിക്കുകയാണ്.

ചരിത്ര സ്മാരകങ്ങളുടെയും മറ്റും പേര് മാറ്റുന്നതാണ് മറ്റൊരു രീതി. ഡല്‍ഹിയിലെ ഔറംഗസേബ് റോഡ് എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്നാക്കിയത് മുഗളന്മാരുടെ ഓര്‍മകള്‍ മായ്ച്ചുകളയാന്‍ വേണ്ടിയാണ്. യു.പിയില്‍ ഫൈസാബാദ് ജില്ലയെ ശ്രീ അയോധ്യ എന്നാക്കി. ചരിത്ര നഗരമായ അലഹബാദ് പ്രയാഗ് രാജായി മാറി. ഫൈസാബാദ് റെയില്‍വെ സ്റ്റേഷന്‍ അയോധ്യ കന്റോണ്‍മെന്റാണിന്ന്. ഹരിയാനയിലെ ഗുഡ്ഗാവ് ഗുരുഗ്രാമമായും മധ്യപ്രദേശിലെ ഹോഷംഗാബാദ് നര്‍മദാപുരമായും ഹിമാചലിലെ സിംലയെ ശ്യാമളയായും മാറ്റപ്പെട്ടു. ഗുജറാത്തിലെ അഹമ്മദാബാദിനെ കര്‍ണാവതിയാക്കാനുള്ള ശ്രമത്തിലാണ്. രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധമായ മുഗള്‍ ഗാര്‍ഡന്‍ അമൃത് ഉദ്യാന്‍ ആയിമാറിയിരിക്കുന്നു. ഡല്‍ഹിയില്‍ തന്നെയുള്ള അക്ബര്‍ റോഡും ഹുമയൂണ്‍ റോഡും ഷാജഹാന്‍ റോഡുമല്ലാം പുതിയ പേരുകളില്‍ ഉടന്‍ തന്നെ അറിയപ്പെടും. ഖുതുബുദ്ധീന്‍ ഐബക് നിര്‍മിച്ച ഖുതുബ് മിനാറും നയനമനോഹരമായ താജ്മഹലും ക്ഷേത്രമാണെന്ന അവകാശവാദം സംഘ് ശക്തികള്‍ ഉയര്‍ത്തുന്നുണ്ട്. ചില സംഘ് സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യയുടെ ഭൂതകാല ചരിത്രത്തെ മഹത്വവത്കരിക്കുകയും അതിലേക്കുള്ള തിരിച്ചുപോക്ക് മാത്രമാണ് രാജ്യത്തെ രക്ഷിക്കാനുള്ള ഏക പോംവഴിയെന്നും സംഘ്പരിവാര്‍ ഉരുവിട്ടു കൊണ്ടേയിരിക്കുന്നു. മതേതരത്വം പോലും അവര്‍ക്ക് കയ്‌പേറിയതാണ്. ഹിന്ദുത്വമെന്ന പ്രഖ്യാപിത ലക്ഷ്യത്തിനു അത് വിഘാതമായി നില്‍ക്കുന്നുവെന്നതാണ് എതിര്‍പ്പിനുള്ള പ്രധാന കാരണം. ഹിന്ദു ഐക്യത്തെ ചെറുക്കാനായി നെഹ്‌റുവിയന്‍ സാമൂഹിക ചിന്താപദ്ധതിയുടെ ഭാഗമായി ഉപയോഗിക്കപ്പെട്ട രാഷ്ട്രീയ ആയുധമാണ് അവരുടെ കാഴ്ചപ്പാടില്‍ മതേതരത്വം. ഗാന്ധിയേക്കാള്‍, നെഹ്‌റുവിനേക്കാള്‍ പ്രധാനികളായി ആര്‍.എസ്.എസ് ആചാര്യന്മാരെ ഉയര്‍ത്തി കാട്ടുന്നതിനുള്ള കാരണം ഈ ചിന്താഗതിയാണ്. പക്ഷേ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ തങ്ങളുടെ നേതാക്കന്മാര്‍ കാര്യമായ പങ്കൊന്നും വഹിച്ചിട്ടില്ലെന്ന ചരിത്രവസ്തുത അവരെ തെല്ലെന്നുമല്ല അലട്ടുന്നത്. സ്വാതന്ത്ര്യസമരത്തില്‍ തങ്ങളുടെ പങ്ക് തെളിയിക്കാന്‍ അവരുടെ പക്കല്‍ ഒരു തെളിവ്‌പോലും ഇല്ല. എന്നാല്‍ അടുത്തകാലത്തായി പല സ്വാതന്ത്ര്യസമര സേനാനികളെയും തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് സംഘ്പരിവാര്‍. സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും ആയിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു ആദ്യത്തെ ഇര. ഇപ്പോള്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെയാണ് ലക്ഷ്യംവെച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 23ന് കൊല്‍ക്കത്തയില്‍ നേതാജിയുടെ ജന്മദിനം ആര്‍.എസ്.എസ് ആഘോഷിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ നേതാജിയുടെ കാഴ്ചപ്പാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സംഘ്പരിവാറുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിനെ അവരാഗ്രഹിക്കുന്ന തരത്തില്‍ സേവിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ് ബ്രിട്ടീഷ് ഗവണ്‍മെന്റിന് മാപ്പപേക്ഷ നല്‍കിയ വി. ഡി സവര്‍ക്കറും ഹിന്ദുമഹാസഭയും ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്യുകയായിരുന്നു. രണ്ടാം ലോക യുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയത്ത്, 1941ല്‍ ഭഗത്പുരില്‍ ചേര്‍ന്ന ഹിന്ദു മഹാസഭയുടെ 23ാം സമ്മേളനത്തില്‍ സവര്‍ക്കര്‍ ആഹ്വാനം ചെയ്തത് ഓരോ ഹിന്ദുമഹാസഭാപ്രവര്‍ത്തകനും ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്നുകൊണ്ടു യുദ്ധത്തില്‍ ഇംഗ്ലീഷുകാരെ സഹായിക്കാനായിരുന്നു. അതേസമയം നേതാജിയുടെ ഉറച്ച നിലപാട് ഇതിന് വിപരീതമായിരുന്നു. യുദ്ധസാഹചര്യം ഉപയോഗപ്പെടുത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് പ്രഹരമേല്‍പ്പിക്കാനായിരുന്നു അദ്ദേഹം ആഹ്വാനം ചെയ്തത്. ‘ബ്രിട്ടന്‍ ഇപ്പോള്‍ ദുര്‍ബലമായിരിക്കുന്നു. ശത്രു ഏറ്റവും ദുര്‍ബലനായിരിക്കുമ്പോള്‍ അവരെ പരാജയപ്പെടുത്തുക ഏറ്റവും എളുപ്പമായിരിക്കും.’ എന്നതായിരുന്നു നേതാജിയുടെ വീക്ഷണം. ആര്‍.എസ്.എസും ഹിന്ദുമഹാസഭയും ‘ഹിന്ദു രാഷ്ട്ര’ത്തിനു വേണ്ടി വാദിച്ചപ്പോള്‍ നേതാജിയുടെ ലക്ഷ്യം പൂര്‍ണസ്വരാജ് നേടുകയും സോഷ്യലിസം സ്ഥാപിക്കുകയും ചെയ്യുകയെന്നതായിരുന്നു. നേതാജിയും ആര്‍.എസ്.എസും എല്ലാ കാര്യത്തിലും വിരുദ്ധ ധ്രുവങ്ങളിലായിരുന്നു നിലകൊണ്ടിരുന്നതെന്ന് സാരം. നേതാജി മതേതര നിലപാടില്‍നിന്നു കൊണ്ടു ആര്‍.എസ്.എസിനെയും ഹിന്ദുമഹാസഭയെയും വെറുത്തു.

ചരിത്ര പാരമ്പര്യമോ രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തതിന്റെ ചരിത്രമോ ഒന്നും ചൂണ്ടി കാണിക്കാനില്ലാത്ത ബി.ജെ.പി, പുതിയ ചരിത്രങ്ങള്‍ മെനയുമ്പോള്‍ 2024 ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും ഈ വര്‍ഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ജയിച്ചു കയറാന്‍ പുതിയ ആയുധങ്ങള്‍ തേടുകയാണ്. രാജ്യമാകെ ബി.ജെ.പി ദുര്‍ഭരണത്തിനെതിരെ ജനങ്ങളുടെ അസംതൃപ്തി വളരുകയാണ്. ഭരണ നേട്ടങ്ങള്‍ ചൂണ്ടി കാണിക്കാന്‍ അവര്‍ക്കൊന്നുമില്ല. പതിവുപോലെ ‘വര്‍ഗീയത’ തന്നെയായിരിക്കും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളിലും അവര്‍ ഉയര്‍ത്തുകയെന്ന കാര്യത്തില്‍ സംശയമില്ല. അതിനു ചരിത്രത്തെ തങ്ങള്‍ക്കനുകൂലമാക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ പങ്ക് പറ്റേണ്ടതുണ്ട്. അതിനായി പച്ചകള്ളം പ്രചരിപ്പിക്കുകയും ചരിത്രം വളച്ചൊടിക്കുകയും ചെയ്യുന്നു. സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി, മുഞ്ചേ തുടങ്ങിയവരുടെ തികച്ചും പിന്തിരിപ്പനായ ആശയങ്ങളോടു കൂറുപുലര്‍ത്തികൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ ബഹുസ്വരതയുടെ നിഷേധമാണ് അവരുടെ പ്രവര്‍ത്തനം. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന സങ്കല്‍പത്തിന് അവിടെ യാതൊരു സ്ഥാനവും ഇല്ല. അവര്‍ക്ക് വേണ്ടത് വെറും ഏകത്വം മാത്രം. ഇത് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനതക്ക് സാധ്യമായാല്‍ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിനു പോറലേല്‍ക്കാതെ കാത്തു സൂക്ഷിക്കാം.

webdesk11: