പ്രശസ്തമായ ‘മദീനയിലേക്കുള്ള പാത’ വാര്‍ഷിക പ്രഭാഷണം ഏപ്രില്‍ 24 ഞായര്‍ രാവിലെ 9 മണിക്ക് കോട്ടക്കല്‍ വാദീ മദീനയിലെ കംപാഷന്‍ സെന്ററില്‍ നടക്കും. വര്‍ഷം തോറും ഡോ. എം.പി.അബ്ദുസ്സമദ് സമദാനി നടത്തുന്ന പ്രഭാഷണ പരിപാടിയാണ് ‘മദീനയിലേക്കുള്ള പാത’.
തുടക്കത്തില്‍ കോട്ടക്കലും പിന്നീട് കോഴിക്കോട് സ്റ്റേഡിയത്തിലും കടപ്പുറത്തും പില്‍ക്കാലത്ത് തിരൂരിലും നടന്നുവന്ന പ്രഭാഷണ സദസ്സ് കോവിഡ് കാല ശേഷം വീണ്ടും ഈ വര്‍ഷം കോട്ടക്കലില്‍ വച്ചാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
തിരുനബി(സ)യുടെ കാരുണ്യ സന്ദേശത്തെ ആധാരമാക്കി സാമൂഹികസമാധാനവും വിശ്വമാനവികതയും സമുദായമൈത്രിയും ബഹുസ്വരതയും ഊട്ടിയുറപ്പിക്കുന്നതും അറിവും ശാസ്ത്രജ്ഞാനവും ധാര്‍മ്മികബോധവും മനുഷ്യത്വവും വളര്‍ത്തുന്നതുമായ ‘മദീനയിലേക്കള്ള പാത’ ലക്ഷക്കണക്കിന് വരുന്ന ശ്രോതാക്കളെയാണ് ആകര്‍ഷിച്ചുപോന്നിട്ടുള്ളത്.
പ്രഭാഷണാനന്തരവും സാമൂഹിക മാധ്യമങ്ങളിലൂടെ അസംഖ്യം പേര്‍ ഇന്നും അത് ശ്രവിക്കുകയും ചെയ്യുന്നു. അതതു കാലത്തെ മുഖ്യ വിഷയത്തോടൊപ്പം ആനുകാലിക വിഷയങ്ങളും പ്രശ്‌നങ്ങളും ഓരോ വര്‍ഷവും പ്രഭാഷണത്തിന്റെ പ്രമേയമാകാറുണ്ട്. ഇത്തവണ ‘വൈറസും വൈലന്‍സും; മനുഷ്യനും മനുഷ്യത്വവും’ എന്ന പ്രമേയത്തില്‍ ആണ് പ്രഭാഷണം. ‘ദി കംപാഷന്‍ ‘ സാംസ്‌കാരിക വേദിയാണ് പരിപാടിയുടെ സംഘാടകര്‍ .