X
    Categories: indiaNews

കള്ളനോട്ടുകള്‍ കുത്തനെ കൂടി; റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് കള്ളനോട്ടുകള്‍ വര്‍ധിക്കുന്നായി റിസര്‍വ് ബാങ്കിന്റെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ട്. 500 രൂപയുടെ കള്ളനോട്ടുകള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയായി. 2021- 2022 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ മൂല്യങ്ങളിലുമുള്ള കള്ളനോട്ടുകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 500 രൂപയുടെയും 2000 രൂപയുടേയും കള്ളനോട്ടില്‍ വന്‍ വര്‍ധനവുണ്ടായി. 101.9 ശതമാനം വര്‍ധനവാണ് 500ന്റെ കള്ളനോട്ടുകളുടെ എണ്ണത്തിലുണ്ടായത്. 2000 ത്തിന്റെ കള്ളനോട്ടുകള്‍ 54.16 ശതമാനവും വര്‍ധിച്ചു. ആര്‍.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച മാത്രമാണ് നോട്ട് നിരോധനംകൊണ്ടുണ്ടായ ദൗര്‍ഭാഗ്യ നേട്ടം എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.തൃണമൂല്‍ കോ ണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമാ യി വിമര്‍ശിച്ച് രംഗത്തെത്തി. നിങ്ങളെങ്ങനെയാണ് നോട്ടുനിരോധനത്തിലൂടെ എല്ലാ കള്ളനോട്ടുകളും തുടച്ചുനീക്കുമെന്ന് രാജ്യത്തിന് ഉറപ്പുനല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ അദ്ദേഹം ചോദിച്ചു. ആര്‍. ബി.ഐ റിപ്പോര്‍ട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

നോട്ട് നിരോധനം വഴി കള്ളപ്പണം തടയുന്നതിനോടൊപ്പം കള്ളനോട്ട് നിര്‍മാര്‍ജനവും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയിരുന്നു. 2016 നവംബറിലാണ് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. ഈ നടപടിയിലൂടെ അഴിമതി തടയാനാവുമെന്നും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനാവുമെന്നും കള്ളനോട്ടുകള്‍ തടയാന്‍ കഴിയുമെന്നും കേന്ദ്രം പറഞ്ഞിരുന്നു.നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതത്തില്‍നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല.

Chandrika Web: