X

ഊര്‍ജം പകര്‍ന്ന ക്വിറ്റ് ഇന്ത്യ സമരം

അഡ്വ. സി.ഇ മൊയ്തീന്‍കുട്ടി

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും നിര്‍ണായക സമരമായിരുന്നു 1942ലെ ക്വിറ്റ് ഇന്ത്യ സമരം. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 80-ാം വാര്‍ഷികമാണ് ഇന്ന്. 1942 ഓഗസ്റ്റ 5ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ക്വിറ്റ് ഇന്ത്യ പ്രമേയത്തിന്റെ കരടു തയ്യാറാക്കി. 8ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡണ്ട് മൗലാനാ അബ്ദുല്‍കലാം ആസാദിന്റെ അധ്യക്ഷതയില്‍ ബോംബെയില്‍ സമ്മേളിച്ച് ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം ഉടന്‍ അവസാനിപ്പിക്കുക, ബ്രിട്ടീഷ് ഭരണത്തിനെതിരെ സിവില്‍ ആജ്ഞാലംഘനപ്രസ്ഥാനം തുടങ്ങുക, സ്വതന്ത്ര ഇന്ത്യയെ സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെ പൊരുതാന്‍ സജ്ജമാക്കുക തുടങ്ങിയവയായിരുന്നു പ്രമേയത്തിലെ പ്രധാന വിഷയങ്ങള്‍. മഹാത്മാഗാന്ധിയെ സമരനായകനായും തിരഞ്ഞെടുത്തു.

എല്ലാ തുറകളിലുമുള്ള ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഗാന്ധിജി അഭ്യര്‍ഥിച്ചു. ചരിത്രപ്രസിദ്ധമായ തന്റെ പ്രസംഗത്തില്‍ ഗാന്ധിജി പറഞ്ഞു. ‘ഇന്നത്തെ ഈ അടിമത്തം നിലനിര്‍ത്താനാണോ നാം ഇവിടെ ജീവിക്കേണ്ടത്? ഈ നാടിനെ അടിമത്തത്തിന്റെ ചങ്ങലകളില്‍നിന്നും മോചിപ്പിക്കാനാകുന്നില്ലെങ്കില്‍ ജീവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസുകാര്‍ ദൃഢനിശ്ചയം ചെയ്യണം. ഇതായിരിക്കട്ടെ നമ്മുടെ പ്രതിജ്ഞ. സ്വാതന്ത്ര്യം എന്ന ലക്ഷ്യം നേടുന്നതിനായി ആവശ്യമായി വന്നാല്‍ പ്രാണന്‍ ത്യജിക്കാന്‍പോലും സന്നദ്ധരാകണം. കുറച്ചുകൂടി ക്ഷമിച്ചിരിക്കൂ എന്ന് നിങ്ങളോട് എനിക്ക് പറയാനാവില്ല. സ്ഥിതിഗതികള്‍ ക്ഷമിക്കാവുന്നതിനും അപ്പുറത്തെത്തിയിരിക്കുന്നു. കോണ്‍ഗ്രസിന് മുന്നില്‍ ഇപ്പോള്‍ വേറൊരു പോംവഴിയുമില്ല. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ നിങ്ങള്‍ക്കൊരു കൊച്ചു മന്ത്രം ഓതിത്തരാം. ഇത് നിങ്ങളുടെ ഹൃദയത്തില്‍ പതിച്ചിടണം. നിങ്ങളുടെ ഓരോ ശ്വാസത്തിലും അതിന്റെ ഒച്ച പുറത്ത് വരണം. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുകഇതാണ് ആ മന്ത്രം. ഒന്നുകില്‍ ഇന്ത്യയെ സ്വതന്ത്രയാക്കും, അല്ലെങ്കില്‍ ഈ ഉദ്യമത്തിനിടയില്‍ ഞാന്‍ രാജ്യത്തിന് വേണ്ടി ജീവാര്‍പ്പണം നടത്തും.’

ഓഗസ്റ്റ് 9ന് രാത്രിതന്നെ നേതാക്കളെ ബ്രിട്ടീഷ് ഭരണകൂടം ജയിലിലടച്ചു. ഗാന്ധിജി, നെഹ്‌റു, ആസാദ്, സരോജിനി നായിഡു, ആസഫ് അലി തുടങ്ങി മുഴുവന്‍ നേതാക്കളേയും അറസ്റ്റ്‌ചെയ്ത് തുറുങ്കിലടച്ചു. ഗാന്ധിജിയേയും സരോജിനി നായിഡുവിനേയും പൂനെയിലെ ആഗാഖാന്‍ കൊട്ടാരത്തിലും നെഹ്‌റുവിനെയും ആസാദിനേയും മറ്റും അഹമ്മദ് നഗര്‍ കോട്ടയിലും പാര്‍പ്പിച്ചു. മൂന്നു വര്‍ഷത്തോളം നെഹ്‌റുവും ആസാദും മറ്റു നേതാക്കളും അഹമ്മദ് നഗര്‍ കോട്ടയിലെ ജയിലില്‍ കഴിഞ്ഞു. നെഹ്‌റുവിന്റെ സുപ്രസിദ്ധ കൃതി ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’ ഈ ജയില്‍വാസത്തിലെഴുതിയതാണ്. നെഹ്‌റുവിന്റെ 9ാമത്തെ ജയില്‍വാസമായിരുന്നു അത്.

എല്ലാ തുറകളിലുമുള്ള ജനങ്ങളുടെ സജീവസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ക്വിറ്റ് ഇന്ത്യസമരം. വെടിവെപ്പുകളില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ആളുകള്‍ തടങ്കലിലായി. ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തവരും ഒറ്റുകൊടുത്തവരും അക്കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഹിന്ദുമഹാസഭ സമരത്തെ എതിര്‍ക്കുകയും ബ്രിട്ടീഷ് ഗവണ്‍മെന്റിന് പിന്തുണ പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നത്, അതായത് സ്വാതന്ത്ര്യസമരം ഭ്രാന്താണെന്നാണ് ആര്‍.എസ്.എസ് നേതൃത്വം പറഞ്ഞത്.

1942ലെ ക്വിറ്റ് ഇന്ത്യ പ്രമേയത്തില്‍ സ്വതന്ത്ര ഇന്ത്യയെ ഫാസിസത്തിനെതിരെ പൊരുതാന്‍ സജ്ജമാക്കുക എന്നൊരു ലക്ഷ്യമുണ്ടായിരുന്നു. സമത്വവും സ്വാതന്ത്ര്യവും അനുവദിക്കാത്ത ദുരവസ്ഥയാണ് ഫാസിസം. ന്യൂനപക്ഷങ്ങളും ദലിത് വിഭാഗങ്ങളും മാത്രമല്ല ഭൂരിപക്ഷസമുദായംഗങ്ങളും ഫാസിസത്തിന്റെ ഇരകളാകുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയില്‍ കാണുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എഴുതിയത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ആമുഖം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ നാല് ലക്ഷ്യങ്ങളെ നിര്‍വചിക്കുന്നുണ്ട്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ. രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തക്കും ആശയപ്രകാശനത്തിനും മതവിശ്വാസത്തിനും ആരാധനക്കും ഉള്ള സ്വാതന്ത്ര്യവും സ്ഥിതിസമത്വവും അവസരസമത്വവും ഭരണഘടന ഉറപ്പുനല്കുന്നുണ്ട്. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും ഉറപ്പുവരുത്തുന്നതിന് സാഹോദര്യമെന്ന ലക്ഷ്യം ഭരണഘടനയുടെ ആമുഖത്തില്‍ ഊന്നിപ്പറയുന്നുണ്ട്. സ്വാതന്ത്ര്യത്തെപ്പോലെ, സമത്വത്തെപ്പോലെ, സാഹോദര്യവും നിലനിര്‍ത്താനായാലേ രാജ്യത്തിന് നിലനില്‍പുള്ളൂ. എല്ലാ പൗരന്മാരും ഉള്‍ക്കൊള്ളുന്ന സാഹോദര്യം ഉണ്ടെങ്കില്‍ മാത്രമേ രാഷ്ട്രത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. സഹിഷ്ണുതയും ബഹുസ്വരതയുമാണ് നമ്മുടെ പാരമ്പര്യവും പൈതൃകവും.

Test User: