പ്രതിഷേധിക്കാനുള്ള അവകാശം സംശുദ്ധമായ ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി.പ്രതിഷേധങ്ങളെ വധശ്രമമായും, ഭീകരതയായും ചിത്രീകരിച്ച് യുവനേതാക്കളെ തിരഞ്ഞുപിടിച്ചു ജയിലിലടച്ച് ഒതുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം നമ്മുടെ ഉന്നതമായ പൗര ബോധത്തിന് നേര്‍ക്കുള്ള യുദ്ധ പ്രഖ്യാപനമാണ്. കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള അസഹിഷ്ണുത രാഷ്ട്രീയത്തിനെതിരില്‍ മുഴുവന്‍ ജനാധിപത്യ കക്ഷികളും ഒരുമിച്ച് നിന്ന് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ കേരളത്തില്‍ അതേ രാഷ്ട്രീയം സി.പി.എം സ്വീകരിക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ല. ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഇല്ലാതെയാക്കി ഏകാധിപത്യം സ്ഥാപിക്കാന്‍ വേണ്ടി നടത്തുന്ന ഏത് ശ്രമങ്ങളും നമ്മള്‍ ചെറുത്ത് തോല്‍പ്പിച്ചേ മതിയാവൂ അദ്ദേഹം പറഞ്ഞു.
കെ.എസ്.ശബരീ നാഥനെ സാക്ഷിയായി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയും, അറസ്റ്റിന്റെ സമയത്തില്‍ മായം ചേര്‍ത്ത് കോടതിയെപോലും കബളിപ്പിച്ച് സര്‍ക്കാര്‍ നടത്തിയ നാടകം അത്യധികം പ്രതിഷേധാര്‍ഹമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.