X

മരുന്നും വൈദ്യുതിയും ചികിത്സാ സൗകര്യങ്ങളുമില്ലാതെ ഗസ്സ; കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 6546, 24 മണിക്കൂറിനിടെ 756 പേര്‍

ഗസ്സ: രണ്ടാഴ്ചയിലധികമായി ഇസ്രാഈല്‍ തുടരുന്ന നരമേധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 6546 ആയി. 24 മണിക്കൂറിനിടെ മാത്രം നഷ്ടമായത് 756 ഫലസ്തീനികളുടെ ജീവനാണ്. ഇന്നലെ മാത്രം പൊലിഞ്ഞത് 344 കുരുന്നു ജീവന്‍. 2700ലധികം കുട്ടികളെയാണ് ഇതുവരെ ഇസ്രാഈല്‍ കൊന്നൊടുക്കിയത്. 17,439 പേര്‍ക്ക് പരിക്കേറ്റു. മരുന്നും വൈദ്യുതിയും ചികിത്സാ സൗകര്യങ്ങളുമില്ലാതെ ഗസ്സയിലെ ആരോഗ്യരംഗം പൂര്‍ണമായും സ്തംഭിച്ചതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അഷ്‌റഫ് അല്‍ ഖുര്‍ദ പറഞ്ഞു.
ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഗസ്സയിലെ സ്ഥിതി പ്രവചനാധീതമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതക്കെതിരെ ആഗോള സമൂഹം പുലര്‍ത്തുന്ന മൗനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഓക്‌സ്ഫാമും രംഗത്തെത്തി. മരുന്നും വെള്ളവും ഭക്ഷണവുമില്ലാതെ മഹാ ദുരന്തത്തിന്റെ വക്കിലാണ് ഗസ്സയെന്ന് ഓക്‌സ്ഫാം വ്യക്തമാക്കി. കുടിവെള്ളക്ഷാമം രൂക്ഷമാണ്. യു.എന്‍ കണക്കു പ്രകാരം ഒരുവ്യക്തിക്ക് കഴിയാന്‍ ചുരുങ്ങിയത് 15 ലിറ്റര്‍ ശുദ്ധജലം വേണം. എന്നാല്‍ ഗസ്സയില്‍ ശരാശരി മൂന്നു ലിറ്റര്‍ ശുദ്ധജലം മാത്രമാണ് ലഭ്യമായിട്ടുള്ളത്.

ഗസ്സക്കു പുറമെ ലബനാന്‍ അതിര്‍ത്തിയിലും ഇസ്രാഈല്‍ വ്യോമാക്രമണം തുടരുകയാണ്. സിറിയക്കു നേരെയും ഇന്നലെ ആക്രമണമുണ്ടായി. അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്നും ഏതാനും ദിവസത്തിനകം ഫലം പ്രതീക്ഷിക്കുന്നതായും ഖത്തര്‍ പ്രതികരിച്ചു. കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയച്ചതിനു പിന്നാലെയാണ് ഖത്തറിന്റെ പ്രതികരണം. ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ഹമാസ് കൂടുതല്‍ ബന്ദികളെ മോചിപ്പിച്ചത്. ഇതിനിടെ ഹമാസ് ഭീകര സംഘടനയല്ലെന്ന് ആവര്‍ത്തിച്ച് തൂര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെ ത്തി. സ്വന്തം മണ്ണിന്റെ മോചനത്തിനു വേണ്ടിയാണ് ഹമാസ് പോരാടുന്നതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഗോള സമൂഹം സമ്മര്‍ദ്ദം ചെലുത്തണമെന്ന് ജോര്‍ദ്ദാന്‍ ഭരണധാകി കിങ് അബ്ദുല്ല രണ്ടാമന്‍ ആവശ്യപ്പെട്ടു.

webdesk11: