തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെ, മന്ത്രി സജി ചെറിയാന് പ്രതിമാസം 85,000 രൂപ നിരക്കില്‍ വാടക വീട് അനുവദിച്ചു ഉത്തരവിറങ്ങി. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡന്‍സ് അസോസിയേഷനിലെ 392-ാം നമ്പര്‍ ആഡംബര വസതിയാണ് സജി ചെറിയാനായി സര്‍ക്കാര്‍ വാടകക്ക് എടുത്തത്. വൈദ്യുതി ചാര്‍ജ്, വാട്ടര്‍ ചാര്‍ജ് എന്നിവ ഇതിന് പുറമേയാണ് 85,000 രൂപ നല്‍കുക. വാടക വീടിന്റെ മോടി പിടിപ്പിക്കല്‍ ടൂറിസം വകുപ്പ് ഉടന്‍ നടത്തും. ഇതിനു വേണ്ടിയും ലക്ഷങ്ങള്‍ ചെലവു വരും.
ഔട്ട് ഹൗസ് ഉള്‍പ്പെടെ വിശാലമായ സൗകര്യമുള്ള വസതിയാണ് വാടകക്ക് എടുത്തത്. ഒരു വര്‍ഷം വാടക മാത്രം 10.20 ലക്ഷം ആകും. വഞ്ചിയൂരില്‍ താമസിക്കുന്ന വര്‍ഷ ചിത്ര എന്ന സത്രീയുടേതാണ് ഈ ആഡംബര വസതി. ഔദ്യോഗിക വസതിയായി സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിവ് ഇല്ലാത്തതു കൊണ്ടാണ് വാടകക്ക് വീട് എടുത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ചീഫ് വിപ്പിന് ഔദ്യോഗിക വസതിയായി നല്‍കിയതും വാടക വീടാണ്. 45000 രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക. കവടിയാറിലാണ് ചീഫ് വിപ്പ് താമസിക്കുന്നത്. ഭരണഘടനാ വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന്, സജി ചെറിയാന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായിരുന്ന കവടിയാര്‍ ഹൗസ് മന്ത്രി വി.അബ്ദുറഹ്മാന് അനുവദിച്ചിരുന്നു. മന്ത്രിമന്ദിരം ഒഴിവ് ഇല്ലാത്തതിനാല്‍ അതുവരെ വാടക വീടായിരുന്നു അബ്ദു റഹിമാന്‍ ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്നത്.