X

ചികിത്സയില്‍ കഴിയുന്ന ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഡി.എം.ഒ

മലമ്പുഴ -ചെറാട് കുറുമ്പാച്ചി മലയില്‍ കുടുങ്ങി ഇന്നലെ രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത പറഞ്ഞു. നിലവില്‍ എമര്‍ജന്‍സി കെയര്‍ യൂണിറ്റില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് ബാബു.

ഇന്നലെ രാത്രി സുഖമായി ഉറങ്ങിയെന്നും ഭക്ഷണം കഴിച്ചതായും ബാബു പറയുന്നു. ഉമ്മ നേരില്‍ കണ്ട് സംസാരിച്ചതായും, ആശുപത്രിയില്‍ മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും ബാബു പറഞ്ഞു.

അപകട സമയത്ത് ബാബുവിന്റെ കാലില്‍ ഉണ്ടായ മുറിവ് ഉണങ്ങി തുടങ്ങിയിട്ടുണ്ട്. എക്‌സറെ, സി.ടി സ്‌കാന്‍, ബ്രെയിന്‍, ചെസ്റ്റ്, രക്ത പരിശോധനകള്‍ നടത്തുകയും ഇവയില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. ഫിസിഷന്‍, നെഫ്രോളജി സൈക്യാട്രി, സര്‍ജന്‍, ഓര്‍ത്തോ എന്നി അഞ്ച് പേരടങ്ങുന്ന സ്‌പെഷ്യല്‍ ടീമാണ് ബാബുവിനെ ചികിത്സിക്കുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യം, വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ബാബുവിന്റെ ചികിത്സാ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്.

അതേസമയം മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ചെറാട് സ്വദേശി ആര്‍.ബാബുവിനെതിരെ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കില്ല. ബാബുവിന്റെ കുടുംബവുമായി വനം മന്ത്രി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ക്ഷമിക്കണമെന്ന് അമ്മ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ബാബുവിന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ഒരു നിലപാടും വനം വകുപ്പ് സ്വീകരിക്കില്ല. എന്നാല്‍ സംഭവം നടന്നതിന്റെ കാരണം വനം വകുപ്പ് പരിശോധിക്കുന്നതാണ്. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് കൊണ്ടുമാത്രമാണ് ബാബു മലയിടുക്കില്‍ കുടുങ്ങികിടക്കുന്ന വിവരം പുറംലോകം അറിഞ്ഞതും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതും. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ പൊതുജനങ്ങള്‍ കൂറേക്കൂടി ജാഗ്രത പാലിക്കേണ്ടതും മുന്‍കൂട്ടി വനം വകുപ്പിനെ വിവരം അറിയിക്കേണ്ടതുമുണ്ട് വനം വകുപ്പ് അറിയിച്ചു.

Test User: