വിവാദ വ്യവസായി ഫാരീസ് അബൂബക്കറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചതില്‍ സി പി എം അണികള്‍ക്കിടയില്‍ വീണ്ടും വിവാദം പുകയുന്നു. ഡിസമ്പര്‍ 17 ന് വൈകീട്ട് സി പി എം പയ്യോളി ഏരിയാക്കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷമാണ് പിണറായിയും മരുമകനും മന്ത്രിയുമായ റിയാസും നന്തിയിലെ ഫാരീസ് അബൂബക്കറിന്റെ വീട്ടിലെത്തിയത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത് ഇതൊന്നുമല്ല, മറിച്ച് പാര്‍ട്ടി പരിപാടിയില്‍ വെറും 35 മിനുട്ടു മാത്രം ചെലവഴിച്ച അദ്ദേഹം വിവാദ വ്യവസായിയുടെ വീട്ടില്‍ നാലു മണിക്കൂറോളം ചെലവഴിച്ചു എന്നതാണ്.
ഫാരീസ് അബൂബക്കറിന്റെ പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് അനുശോചനമറിയിക്കാനും ദുഖാചരണത്തില്‍ പങ്കെടുക്കാനുമാണ് പിണറായി വിജയന്‍ ഈ വീട്ടിലെത്തിയത്. പാര്‍ട്ടിയെ ഉയര്‍ന്ന നേതാക്കള്‍ മരിച്ചാല്‍ പോലും അന്തിമോപചാരമര്‍പ്പിച്ച് മടങ്ങുന്നതാണ് പിണറായിയുടെ പൊതുരീതി. വ്യത്യസ്തമായ ഒരനുഭവമുണ്ടായത് കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ടപ്പോഴാണ്. അത് വാര്‍ത്തകളിലിടം പിടിക്കുകയും ചെയ്തു.എന്നാല്‍ ഇക്കാര്യങ്ങള്‍ ഒക്കെ തന്നെ പ്രാദേശിക നേതാക്കളേയോ പാര്‍ട്ടി ഘടങ്ങളേയോ അറിയിക്കാതെയാണ് സന്ദര്‍ശനം എന്നതും കൂടുതല്‍ പ്രശനങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിയും പരിവാരങ്ങളും ഭക്ഷണം കഴിച്ചാണ് ഇവിടെ നിന്ന് മടങ്ങിയത്.സന്ദര്‍ശനത്തിന് രണ്ട് ദിവസം മുമ്പ് പിണറായിയുടെ ഭാര്യ കമലയും ഈ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
പിണറായിയുടെ മക്കളുടെ പേരുമായി ബന്ധപ്പെട്ട് പല തവണ വാര്‍ത്തകളില്‍ ഇടം പിടിച്ച ഒരു വിവാദ വ്യവസായി ആണ് ഫാരീസ് അബൂബക്കര്‍. വി എസ് അച്ചുതാനന്ദന്‍, ”കളങ്കിത വ്യവസായി” എന്ന് സംബോധന ചെയ്തതിനെത്തുടര്‍ന്നാണ് ഫാരീസ് അബൂബക്കര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കിഡ്‌നി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചില തട്ടിപ്പു വിവാദങ്ങളില്‍ ഇയാളുടെ പേരും ഇടം പിടിച്ചിരുന്നു. ഇത്തരത്തില്‍ വിവാദത്തിലകപ്പെട്ട ഒരു അന്താരാഷ്ട്ര റിയലെസ്റ്റേറ്റ് വ്യവസായിയും പിണറായിയും തമ്മിലുള്ള അടുത്ത വ്യക്തിബന്ധമാണ് പാര്‍ട്ടി അണികളിലും ജനങ്ങളിലും കൗതുകമുണര്‍ത്തുന്നത്.
എന്നാല്‍ വി.എസ്സിനോടൊപ്പം നില്‍ക്കാതെ ഫാരിസിനെ പിന്തുണക്കുകയാണ് പിണറായിയും കൂട്ടരും ചെയ്തത്. പാര്‍ട്ടി ചാനലായ കൈരളിക്ക് വേണ്ടി എം.ഡി ജോണ്‍ ബ്രിട്ടാസ് രഹസ്യ കേന്ദ്രത്തില്‍ പോയി ഫാരീസ് അബൂബക്കറെ ഇന്‍ര്‍വ്യു ചെയ്യുകയും വി.എസ്സിനെതിരെ കടുത്ത രീതിയിലുളള പരാമര്‍ശങ്ങള്‍ നടത്തിപ്പിക്കുയും ചെയ്തു. അതിന് ശേഷം വി.എസ്സിനെ പാര്‍ട്ടിയില്‍ നിന്നും പിന്നീട് ഭരണ തലത്തില്‍ നിന്നും മാറ്റാനുളള ഗൂഡാലോചന നടന്നു. ഇതിന്റെ ഭാഗമായി വി.എസ്സിനെതിരെ നിരന്തരം വാര്‍ത്തകള്‍ എഴുതാന്‍ ദീപിക പത്രം സ്വന്തമാക്കി. ഇതിന് പിന്നിലെല്ലാം ഫാരിസ് അബൂബക്കറിന്റെ കരങ്ങളായിരുന്നു. മുന്‍ എം.എല്‍.എയും ജന പക്ഷം നേതാവുമായ പി.സി ജോര്‍ജ് ഈ അടുത്ത കാലം വരെ ഫാരീസ് അബൂബക്കറും പിണറായി വിജയന്റെ കുടുംബവുമായുളള കൂട്ടുകെട്ടിനെ പറ്റി നിരന്തരം പ്രസ്താവനകള്‍ നടത്തുകയും പലവിധ ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. പാര്‍ട്ടി ഓഫീസ് ഉദ്ഘാടന വേളയില്‍ പോലും കര്‍ശനമായ സമയ നിഷ്ഠ വെച്ചു പുലര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് ശേഷം ഫാരീസ് അബൂബക്കറിന്റെ വീട്ടില്‍ മൂന്ന് മണിക്കൂറോളം ചെലവഴിച്ചതിന്റെ രാഷ്ട്രീയമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.