X

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം, മൂന്നു പേര്‍ക്ക് മൂന്നു വര്‍ഷം തടവ്

തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകന്‍ പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജില്‍, മൂന്നാം പ്രതി ആലുവ സ്വദേശി എം കെ നാസര്‍, അഞ്ചാം പ്രതി കൊടുങ്ങല്ലൂര്‍ സ്വദേശി നജീബ് എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക കോടതി എന്‍ഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീന്‍ കുഞ്ഞും അയൂബും 3 വര്‍ഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്.

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കൂടി കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. രണ്ടാം ഘട്ട വിചാരണ നേരിട്ട പ്രതികളില്‍ ആറുപേരാണ്, കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ കുറ്റക്കാരെന്ന് വിധിച്ചത്. ഇവര്‍ക്കൊപ്പം വിചാരണ നേരിട്ട അഞ്ചു പ്രതികളെ വെറുതെ വിട്ടു.

കേസില്‍ പ്രതികളായ സജല്‍, നാസര്‍, നജീബ്, എം.കെ നൗഷാദ്, പി.പി മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ ഒന്‍പതാം പ്രതി എം.കെ നൗഷാദ്, 11ാം പ്രതി പി പി മൊയ്തീന്‍കുഞ്ഞ്, 12ാം പ്രതി പി.എം അയ്യൂബ് എന്നിവര്‍ക്കെതിരെ ചുമത്തിയ യു.എ.പി.എ കുറ്റത്തില്‍ ഇന്നു ഇവരെ ഒഴിവാക്കി. ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.

2010 ജൂലൈ നാലിനാണു ചോദ്യപേപ്പറിലെ വിവാദ ചോദ്യത്തിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ അധ്യാപകനായ പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവമുണ്ടായത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൃത്യമാണെന്നായിരുന്നു എന്‍.ഐ.എ കണ്ടെത്തല്‍. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്നു വ്യക്തമാക്കിയ കോടതി, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കല്‍, ഒളിവില്‍ പോകാന്‍ സഹായിക്കല്‍, ആയുധം കൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തി. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തയാളാണു സജലെന്ന് കോടതി കണ്ടെത്തി. സംഭവത്തിന്റെ മുഖ്യസൂത്രധാരനാണ് നാസറെന്നാണ് വിധിന്യായത്തില്‍ പറയുന്നത്.

വധശ്രമവും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന് ആസൂത്രണം നടത്തിയ നാസറിനെതിരായ കുറ്റങ്ങളെല്ലാം നിലനില്‍ക്കും. മൂന്ന് പ്രതികള്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന, ഭീകരപ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ആദ്യഘട്ട വിചാരണയില്‍ 31 പേരില്‍ 13 പേരെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയം ചെയ്തിരുന്നു. പ്രാഥിക ഘട്ടത്തില്‍ കേരള പോലിസ് അന്വേഷിച്ച കേസ് 2011 മാര്‍ച്ച് 9 നാണ് എന്‍.ഐ.എ ഏറ്റെടുത്തത്.

webdesk11: