ഭോപ്പാല്‍: 113 കോടി രൂപയുടെ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് യുവാവിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മധ്യപ്രദേശിലെ ബിന്ധ് സ്വദേശിയായ 30കാരന്‍ രവി ഗുപ്തക്കാണ് ഇത്രയും ഭീമമായ തുക അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. 2011-12 കാലയളവില്‍ ഗുപ്തയുടെ അക്കൗണ്ട് വഴി 132 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നേരത്തെയും സമാന രീതിയില്‍ ഗുപ്തക്കെതിരെ ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. 3.49 കോടി രൂപയുടെ നികുതി അടക്കണമെന്നാവശ്യപ്പെട്ട് 2019ലാണ് ആദ്യമായി നോട്ടീസ് ലഭിച്ചത്. എന്നാല്‍ താന്‍ നോട്ടീസില്‍ പറയുന്ന തരത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും തനിക്ക് 7000 രൂപ മാത്രമാണ് ശമ്പളമെന്നും ചൂണ്ടിക്കാട്ടി യുവാവ് മറുപടി നല്‍കി.
സംഭവം വിവാദമായതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് പണം അടക്കേണ്ടതില്ലെന്ന് അറിയിച്ചു. എന്നാല്‍ നികുതി തുക ഒടുക്കണമെന്നാവശ്യപ്പെട്ട് ഇടക്കിടെ നോട്ടീസ് ലഭിച്ചതോടെ ഇടപാടുകള്‍ക്കു പിന്നിലെ സത്യാവസ്ഥ കണ്ടെത്തി തന്നെ ഒഴിവാക്കണമെന്ന് കേന്ദ്ര ഏജന്‍സികളോട് ഗുപ്ത നിരന്തരം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇതുവരെയും യഥാര്‍ത്ഥ ഇടപാടുകളെ കണ്ടെത്തി നടപടിയെടുക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സാധിച്ചിട്ടില്ല. സമാന രീതിയില്‍ ഗുപ്തയുടെ സഹപ്രവര്‍ത്തകരായ കപില്‍ ശുക്ല, പ്രവീണ്‍ റാത്തൂര്‍ എന്നിവര്‍ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. 2011-12 കാലയളവില്‍ 290 കോടി രൂപയുടെ ഇടപാടാണ് റാത്തൂറിന്റെ അക്കൗണ്ട് വഴി നടന്നത്.